ദില്ലി: ഹോർമുസ് കടലിടുക്ക് കടക്കാൻ ഇന്നലെ അനുവാദം ലഭിച്ചത് എൽപിജി ടാങ്കറുകളായ ബിഡബ്ല്യു ഇഎൽഎം, ബിഡബ്ല്യു ടിവൈആർ എന്നിവയ്ക്കാണ്. രണ്ട് കപ്പലുകളും ചെന്നൈ ആസ്ഥാനമായുള്ള ബിഡബ്ല്യു ഗ്ലോബൽ യുണൈറ്റഡ് എൽപിജി കമ്പനിയുടേതാണ്. നാല് ക്രൂഡ് ഓയിൽ ടാങ്കറുകൾ, ഒരു എൽഎൻജി ടാങ്കറുകൾ ഉൾപ്പെടെ ഹോർമുസിൽ തുടരുന്നുണ്ട്. നിലവിൽ കടലിടുക്കിൽ ഉള്ളത് 18 ഇന്ത്യൻ കപ്പലുകളാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയത് ശിവാലിക്, നന്ദാദേവി, ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നീ നാല് എൽപിജി ടാങ്കറുകളാണ്. പിന്നാലെ ഇന്നലെ രണ്ട് ടാങ്കറുകൾക്ക് കൂടി അനുമതി ലഭിച്ചു. ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി കടന്നുപോകുന്നതിനായി ഇന്ത്യ ഇറാനുമായി നയതന്ത്ര തലത്തിൽ ഇടപെട്ടിട്ടുണ്ട്.
പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ അന്തർമന്ത്രാലയ സമിതിയുടെ യോഗം ചേർന്ന് രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തി. യുദ്ധം നീണ്ടാൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ചയായി. ഊർജ്ജലഭ്യത ഉറപ്പാക്കാനുള്ള നടപടികളിലും ചർച്ച നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വേണ്ട ഇടപെടലുകൾ നടത്തുന്നുണ്ടെന്നും ഇന്ത്യയുടെ താൽപര്യം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് പ്രതികരിച്ചു. ഇന്ധനവുമായി കൂടുതൽ കപ്പലുകൾ ഇന്ന് മുതൽ ഹോർമുസ് കടക്കും.
പിഎൻജി കണക്ഷനുകൾക്ക് അനുമതി വേഗത്തിൽ ആക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരിക്കുകയാണ് കേന്ദ്രം. 50 ലക്ഷം പുതിയ പിഎൻജി കണക്ഷൻ എന്ന ലക്ഷ്യത്തിലേക്ക് എത്തണം. അന്തർമന്ത്രാലയ യോഗത്തിലാണ് നിർദ്ദേശം. ദീർഘകാലാടിസ്ഥാനത്തിലുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കണമെന്ന് യോഗത്തിൽ രാജ് നാഥ് സിംഗ് ആവശ്യപ്പെട്ടു. അതിനിടെ പാകിസ്താന്റെ 20 കപ്പലുകൾ ഹോർമുസ് വഴി വിടാൻ ഇറാൻ അനുമതി നൽകിയിട്ടുണ്ട്. പ്രതിദിനം രണ്ടു കപ്പലുകൾ വീതം വിടും.



