Monday, December 22, 2025
No menu items!
Homeവാർത്തകൾയൂറോപ്യൻ സർക്കാറുകൾ, റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾക്ക് തുരങ്കം വെക്കുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ

യൂറോപ്യൻ സർക്കാറുകൾ, റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾക്ക് തുരങ്കം വെക്കുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ

മോസ്കോ: യൂറോപ്യൻ സർക്കാറുകൾ റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾക്ക് തുരങ്കം വെക്കുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. യൂറോപ്പ് യുദ്ധത്തിനാണ് മുതിരുന്നതെങ്കിൽ തങ്ങൾ അതിന് ഏതുനിമിഷവും സജ്ജരാണെന്നും പുടിൻ പറഞ്ഞു. യു.എസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്,​ ഡോണൾഡ് ട്രംപിന്റെ മരുമകൻ ജറാദ് കുഷ്നർ എന്നിവരുമായി മോസ്കോയിൽ ചർച്ചക്ക് മുമ്പായിരുന്നു പുടിന്റെ പ്രതികരണം. നാലുവർഷമായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിടുന്ന സമാധാന പദ്ധതി അന്തിമമാക്കുകയാണ് ചർച്ചയുടെ ലക്ഷ്യം. നേരത്തെ, യുക്രെയ്ൻ സൈനീക ശേഷി പരിമിതപ്പെടുത്താനും ചില മേഖലകൾ റഷ്യക്ക് കൈമാറാനും വ്യവസ്ഥ ചെയ്യുന്ന പദ്ധതിയുടെ കരട് കീവും ​യൂറോപ്യൻ യൂണിയനും തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പുതുക്കിയ പദ്ധതിയുമായി യു.എസ് സംഘം വീണ്ടും റഷ്യയിൽ എത്തിയത്. വസ്തുകൾ അന്തിമമാവുന്നത് വരെ ചർച്ചകൾ തുടരുമെന്നും വിറ്റ്കോഫിനെയും കുഷ്നറെയും യു.എസ് പരിഭാഷകനെയും മാത്രമേ പ​ങ്കെടുപ്പിക്കുകയുള്ളൂവെന്നും റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. റഷ്യക്ക് അംഗീകരിക്കാനാവാത്ത ഉപാധികൾ പദ്ധതിയിൽ ഉൾപ്പെടുത്തി യുക്രെയ്ന്റെ യുറോപ്യൻ യൂണിയനിലുളള സഖ്യകകക്ഷികൾ സമാധാന കരാറിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം പുടിൻ കഴിഞ്ഞ ദിവസവും ആവർത്തിച്ചിരുന്നു. അവർക്ക് സമാധാനമല്ല, യുദ്ധമാണ് വേണ്ടതെന്നും പുടിൻ ആരോപിച്ചിരുന്നു. പോക്രോവ്സ്ക് മേഖല പൂർണമായും റഷ്യൻ സൈന്യത്തിന്റെ കൈവശമാണെന്ന് വ്യക്തമാക്കിയ പുടിൻ അന്താരാഷ്ട്ര മാധ്യമങ്ങളെ സ്ഥലം സന്ദർശിക്കാൻ ക്ഷണിക്കുകയും ​ചെയ്തു. അതേസമയം, മേഖല കയ്യടക്കിയെന്ന റഷ്യൻ അവകാശവാദം യുക്രെയ്ൻ തളളി. മേഖലയിൽ പോരാട്ടം തുടരുകയാണെന്നും പുടിന്റേത് വ്യാജ പ്രചാരണമാണെന്നും യുക്രെയ്ൻ ആരോപിച്ചു. ഇതിനിടെ, യുദ്ധത്തിൽ യൂറോപ്പിന്റെ പിന്തുണ തേടി യുക്രെയ്നിയൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി ​അയർലണ്ട് സന്ദർശിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കാൻ യു.എസ് നടത്തുന്നത് ക്രിയാത്മകമായ ഇടപെടലാണെന്നും അന്തസായ ഉടമ്പടി രൂപീകരിക്കപ്പെടുന്ന പക്ഷം യുദ്ധം അവസാനിക്കുമെന്നും സെലൻസ്കി വ്യക്തമാക്കി. താൽക്കാലിക വിരാമത്തിന് പകരം സുസ്ഥിര സമാധാനമാണ് ഉടമ്പടിയാവേണ്ടതെന്നും സെലൻസ്കി പറഞ്ഞു. സെലൻസ്കിയുടെ സന്ദർശനത്തോടനുബന്ധിച്ച് യുക്രൈൻ സൈന്യത്തിനും ഊർജ്ജ പദ്ധതികൾക്കുമായി 125 മില്യൺ യൂറോയുടെ അധിക ധനസഹായം അയർലൻഡ് പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യ ആക്രമണം കടുപ്പിക്കുകയും യുക്രെയ്നുവേണ്ടി ചർച്ചയിൽ പ​ങ്കെടുത്തിരുന്ന പ്രധാധികളിലൊരാൾ രാജി വെക്കുകയും ചെയ്ത സാഹചര്യത്തിലാണ് സെലൻസ്കിയുടെ പുതിയ നീക്കം. യുക്രെയ്ൻ പ്രതിനിധി സംഘം വിറ്റ്കോഫുമായും ​കുഷ്നറുമായും ബുധനാഴ്ച ബ്രസ്സൽസിൽ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം. യു.എസ് സമാധാന ശ്രമങ്ങൾ ഫലം കാണുമെന്നാണ് പ്രതീക്ഷയെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടേയും വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments