ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ. സമ്മർദങ്ങൾക്ക് വഴങ്ങുന്ന നേതാവല്ല നരേന്ദ്ര മോദിയെന്ന് പുടിൻ പറഞ്ഞു. മോദിയെ പോലൊരു നേതാവുള്ളത് ഇന്ത്യയുടെ ഭാഗ്യമാണെന്നും റഷ്യൻ പ്രസിഡന്‍റ് പറഞ്ഞു. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് പുടിൻ ആവർത്തിച്ചു. അമേരിക്ക ഇപ്പോഴും റഷ്യയിൽ നിന്ന് ആണവ ഇന്ധനം ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതേ അവകാശം ഇന്ത്യയ്ക്കും ഉണ്ടെന്ന് പുടിൻ പറഞ്ഞു. ഇരട്ട തീരുവ അടക്കം ട്രംപിൻറെ തീരുമാനങ്ങൾക്ക് പിന്നിൽ ഉപദേശകർ ആണെന്നും പുടിൻ കുറ്റപ്പെടുത്തി. ലക്ഷ്യം കൈവരിച്ച ശേഷം മാത്രമേ യുക്രെയിനെതിരായ യുദ്ധം നിറുത്തൂ എന്നും പുടിൻ ഇന്ത്യ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വിശ്വസിക്കാവുന്ന സുഹൃത്ത് എന്നാണ് പുടിൻ മോദിയെ വിശേഷിപ്പിച്ചത്. ഇത് താൻ ഏറെ ആത്മാർത്ഥതയോടെയാണ് പറയുന്നതെന്നും പുടിൻ വ്യക്തമാക്കി. ഇന്ത്യയുടെ ഭാഗ്യമാണ് അദ്ദേഹത്തെ പോലൊരു നേതാവ്. അദ്ദേഹം ഇന്ത്യയ്ക്കായാണ് ജീവിക്കുന്നതെന്നും പുടിൻ പ്രശംസിച്ചു. മോദിയുമായി സംസാരിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. സാമ്പത്തിക സഹകരണം, പ്രതിരോധം, മാനുഷിക സഹായം, സാങ്കേതികവിദ്യ വികസനം തുടങ്ങിയ പ്രധാന മേഖലകളിൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം പ്രതിജ്ഞാബദ്ധനാണെന്നും പുടിൻ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ മോസ്കോ സന്ദർശനം റഷ്യൻ പ്രസിഡന്റ് ഓർത്തെടുത്തു. തന്‍റെ വസതിയിൽ ഒരുമിച്ച് ഇരുന്നു. വൈകുന്നേരം ചായ കുടിക്കുകയും വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. രസകരമായിരുന്നു ആ സംഭാഷണങ്ങളെന്നും പുടിൻ പറഞ്ഞു. പുടിൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ദില്ലിൽ എത്തിയത്. പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണം സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്യും



