ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാമൂഴത്തിലെ ആദ്യ ബജറ്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം. ചൊവ്വാഴ്ചയാണ് ബജറ്റ് അവതരിപ്പിക്കുക. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുക. തുടർച്ചയായി ഏഴുതവണ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന റെക്കോഡ് അതോടെ നിർമലക്ക് സ്വന്തമാകും.
ലോക്സഭ, രാജ്യസഭ സെക്രട്ടേറിയറ്റുകള്‍ നല്കുന്ന വിവര പ്രകാരം 2024ലെ ധനബില്‍ അടക്കം ആറ് ബില്ലുകള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഓഗസ്റ്റ് 12 വരെ 19 ദിവസമാണു സഭ സമ്മേളിക്കുക. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് കേന്ദ്ര പാർലമെന്ററി മന്ത്രി കിരണ്‍ റിജിജു വിളിച്ചുചേർത്ത സർവകക്ഷി യോഗം ഇന്ന് പാർലമെന്റില്‍ നടക്കും.
ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷമില്ലാതായതോടെ സഖ്യകക്ഷികളുടെ പിന്തുണയോടെ ഭരിക്കുന്ന മൂന്നാം മോദി സർക്കാറിന്റെ കർമപദ്ധതികളിലെ മുൻഗണനക്രമങ്ങള്‍ ബജറ്റ് നിർണയിക്കും. ബജറ്റും ധനബില്ലും ചർച്ച ചെയ്ത് പാസാക്കുന്നതിനൊപ്പം കോഫി (പ്രോത്സാഹന വികസന) ബില്‍, റബർ (പ്രോത്സാഹന വികസന) ബില്‍, ദുരന്ത നിവാരണ ഭേദഗതി ബില്‍, ബോയിലേഴ്സ് ബില്‍, ഭാരതീയ വായുയാൻ വിധേയക് എന്നിവയാണ് സമ്മേളനത്തില്‍ പാസാക്കാനായി ഇരുസഭകളുടെയും മേശപ്പുറത്ത് വെക്കുന്നത്.



