ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട 1886 ലെ പാട്ടക്കരാറിന് ഇപ്പോഴും സാധുതയുണ്ടോ എന്നതുൾപ്പെടെ കാര്യങ്ങൾ വിശദമായി പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തങ്ങളുടെ പാട്ടഭൂമിയായ മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്തു കേരളം പാർക്കിങ് ഗ്രൗണ്ട് നിർമിക്കുന്നതു ചോദ്യം ചെയ്തുള്ള തമിഴ്നാടിന്റെ ഹർജിയിലാണ് ജഡ്ജിമാരായ അഭയ് എസ്.ഓക്ക, എ.ജി.മസി എന്നിവരുടെ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
തമിഴ്നാടിന്റെ ഹർജിക്കു നിലനിൽപുണ്ടോ, പാട്ടക്കരാറിന്റെ കാര്യം ഒരിക്കൽ കോടതി പരിഗണിച്ചു കഴിഞ്ഞിരിക്കെ അതു വീണ്ടും പരിഗണിക്കാമോ, സ്വാതന്ത്ര്യലബ്ധിക്കു ശേഷം പട്ടക്കരാറിന്റെ പിന്തുടർച്ചാവകാശം കേന്ദ്രസർക്കാരിനു ലഭിക്കുമോ, സംസ്ഥാന പുനഃസംഘടനാ നിയമവും പാട്ടക്കരാറുകളും എങ്ങനെ നിലനിൽക്കും, പാട്ടക്കരാർ ഭൂമിയിലെ കേരളത്തിന്റെ ഇടപെടലുകളിലെ നിയമപ്രശ്നം, പാട്ടഭൂമിയിൽ തമിഴ്നാടിനുള്ള അവകാശത്തിലേക്കുള്ള കേരളം കടന്നുകയറിയോ, മെഗാ പാർക്കിങ് ഗ്രൗണ്ട് നിർമാണത്തിൽ കേരളത്തിന് അനുകൂലമായി സർവേ ഓഫ് ഇന്ത്യ നൽകിയ റിപ്പോർട്ട് ശരിയാണോ തുടങ്ങിയ വിഷയങ്ങളിൽ വിശദമായ വാദം കേൾക്കുമെന്നു ബെഞ്ച് വ്യക്തമാക്കി. ഹർജി സെപ്റ്റംബർ 30നു വീണ്ടും പരിഗണിക്കും. തമിഴ്നാടിന്റെ പാട്ടഭൂമിക്കു പുറത്താണു നിർമാണമെന്നാണു സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്.



