മലയിന്‍കീഴ് : മുദ്രപ്പത്രങ്ങള്‍ക്കായി ജനങ്ങള്‍ നെട്ടോട്ടത്തിലാണ്. 50, 100- രൂപ പത്രങ്ങള്‍ ഉപയോഗിക്കേണ്ട സ്ഥാനത്ത് ഇപ്പോള്‍ 500-രൂപയുടെയോ, ഉയര്‍ന്ന മൂല്യമുള്ളതോ ആയ പത്രങ്ങള്‍ വാങ്ങേണ്ട അവസ്ഥയിലാണ്. സൈനിക നിയമനങ്ങള്‍, പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍, വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ നല്‍കേണ്ട സത്യവാങ്മൂലങ്ങള്‍, സമ്മതപത്രങ്ങള്‍, കരാറുകള്‍ എന്നിവയ്‌ക്കെല്ലാം അഞ്ഞൂറോ, അതിലധികമോ മൂല്യമുള്ള പത്രങ്ങള്‍ വാങ്ങേണ്ട അവസ്ഥയിലാണ് പൊതുജനം.
200-രൂപയുടെ മുദ്രപത്രത്തില്‍ കരാറുകള്‍, വാടകച്ചീട്ടുകള്‍ എന്നിവ തയാറാക്കേണ്ടിടത്ത് ഇപ്പോള്‍ 500 അല്ലെങ്കില്‍ 1000-രൂപയുടെ വരെ മുദ്രപത്രങ്ങള്‍ വാങ്ങാന്‍ ജനം നിര്‍ബന്ധിതമാകുകയാണ്. അത്യാവശ്യമായതുകൊണ്ട് തന്നെ വന്‍വില കൊടുത്ത് ഉയര്‍ന്ന മൂല്യമുള്ള മുദ്രപ്പത്രങ്ങള്‍ വാങ്ങി കാര്യങ്ങള്‍ സാധിക്കേണ്ടതായി വരുന്നു. നിവൃത്തിയില്ലാത്ത ജനങ്ങളുടെ പോക്കറ്റ് കാലിയാകുന്ന അവസ്ഥയാണിത്. 50, 100 രൂപ പത്രങ്ങളുടെ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് അഞ്ച് രൂപ, പത്ത് രൂപ പത്രങ്ങള്‍ സര്‍ക്കാര്‍ തന്നെ 50, 100-രൂപയുടെ മൂല്യം മുദ്രവച്ച് നല്‍കിയിരുന്നു. ഇന്ന് അതും കിട്ടാനാവാത്ത സ്ഥിതിയിലാണ്. അവസ്ഥ പരിഗണിച്ച് 50, 100 രൂപ പത്രങ്ങള്‍ കിട്ടുന്നതിനുവേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.