കർഷകരിൽ നിന്ന് സംഭരിക്കുന്ന പാൽ മിൽമ ഇനി പാൽപൊടിയായും വിപണിയിൽ എത്തിക്കുന്നു. മിൽമയുടെ ആദ്യത്തെ പാൽപൊടി നിർമാണ പ്ലാന്റ് മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് മൂർക്കനാട് 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി, മാനേജിംഗ് ഡയരക്ടർ കെ.സി. ജയിംസ് എന്നിവർ അറിയിച്ചു. മിൽമ പാൽപൊടിയുടെ ലോഞ്ചിംഗും ചടങ്ങിൽ നടക്കും. 131.3 കോടി രൂപ ചിലവഴിച്ചാണ് ഫാക്ടറി സ്ഥാപിച്ചിട്ടുള്ളത്. ആധുനിക യന്ത്രങ്ങളോടു കൂടിയ പ്ലാന്റിന്റെ നിർമാണം ടെട്രാപാക്കാണ് നിർവ്വഹിച്ചത്. 131.3 കോടിയിൽ രൂപയിൽ 15 കോടി സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ വിഹിതവും 32.72 കോടി നബാർഡ് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടുമാണ്. ബാക്കി തുക മിൽമ മലബാർ മേഖലാ യൂണിയന്റെ വിഹിതമാണ്. നേരത്തെ മിൽമക്ക് ആലപ്പുഴയിൽ പാൽപൊടി നിർമാണ പ്ലാന്റ് ഉണ്ടായിരുന്നെങ്കിലും പിന്നീട് പ്രവർത്തന ക്ഷമമല്ലാതായി.
കേരളത്തിലെ ഏറ്റവും വലുതും അത്യാധുനിക സാങ്കേതിക വിദ്യയോടു കൂടി പ്രവർത്തിക്കുന്നതുമാണ് ഈ പ്ലാന്റെന്ന് മിൽമ ചെയർമാൻ പറഞ്ഞു. 10 ടണ്ണാണ് ഉത്പാദന ക്ഷമത. പ്രതിദിനം ഒരു ലക്ഷം ലിറ്റർ പാൽ പൊടിയാക്കി മാറ്റാനാകും. കേരളത്തിലെ ക്ഷീര കർഷകർ ഉൽപ്പാദിപ്പിക്കുന്ന മുഴുവൻ പാലും സംഭരിക്കാനും അത് പാൽപൊടി തുടങ്ങി മൂല്യവർധിത ഉൽപ്പന്നങ്ങളായി മാറ്റുന്നതിനുമുള്ള സംവിധാനം ഇവിടെയുണ്ട്. കാലാവസ്ഥ വ്യതിയാനങ്ങൾക്കനുസരിച്ച് ഉണ്ടായേക്കാവുന്ന പാൽ സംഭരണത്തിലെ വ്യത്യാസത്തെ ഒരു പരിധി വരെ സന്തുലിതപ്പെടുത്താനും ഫാക്ടറി പ്രവർത്തനമാരംഭിക്കുന്നതോടെ സാധിക്കും.പ്രതികൂല സാഹചര്യങ്ങളിൽ പാൽ മിച്ചം വരുമ്പോൾ പൊടിയാക്കി മാറ്റുന്നതിന് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാകുമെന്ന് മിൽമ മാനേജിംഗ് ഡയരക്ടർ കെ.സി.ജയിംസ് പറഞ്ഞു. കോവിഡ് കാലഘട്ടത്തിൽ മിൽമ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഉയർന്ന അളവിൽ സംഭരിച്ച പാലിന്റെ കൈകാര്യം ചെയ്യൽ. കേരളത്തിൽ പാൽപ്പൊടി നിർമ്മാണ ഫാക്ടറി ഇല്ലാത്തതിനാൽ അയൽ സംസ്ഥാനത്തെ ഫാക്ടറികളെ ആശ്രയിക്കേണ്ടി വന്നു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ രാജ്യത്തൊട്ടാകെ വൻതോതിൽ പാൽ മിച്ചം വന്നിരുന്നു. അതു കൊണ്ടു തന്നെ പാൽപൊടിയാക്കി മാറ്റാൻ ഫാക്ടറികളിൽ ഡിമാന്റുമേറെയായിരുന്നു. തമിഴ്നാട്ടിലെ ഫാക്ടറികളിൽ പാൽ എത്തിച്ചാണ് മിൽമ പാൽപൊടി നിർമിച്ചിരുന്നത്.



