ചെങ്ങമനാട്: ഓണക്കാലത്ത് പൂക്കൾക്കു വേണ്ടി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് കുറക്കുക, പ്രാദേശികമായി തനത് പൂക്കൾ കൃഷി ചെയ്ത് വരുമാനം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ചേർത്തല ബ്ളോക്കിൽ അമ്പതിൽ പരം കർഷകർ പൂഷ്പ കൃഷി ആരംഭിക്കാൻ തീരുമാനിച്ചത്.
ഗ്രാമീണരുടെ പൂത്തോട്ടങ്ങളിൽ പൂക്കളുടെ വിളവെടുപ്പ് തുടങ്ങി. മായിത്തറ വി.പി സുജിത് രണ്ട് ഏക്കർ സ്ഥലത്താണ് ഓണപ്പൂക്കളുടെ കൃഷി ചെയ്തിരിക്കുന്നത്. അവിടെ ഒരാഴ്ചയായി വിളവെടുപ്പ് നടന്ന് വരികയാണ്. കഴിഞ്ഞ മൂന്ന് നാല് വർഷമായി പൂക്കൃഷിയുണ്ട്. വേനൽക്കാല പച്ചക്കറി കൃഷിക്കു ശേഷം മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കാത്ത സ്ഥലങ്ങളാണ് പൂഷ്പ കൃഷിക്ക് വേണ്ടി തെരെഞ്ഞെടുത്തത്. മഞ്ഞ, ഓറഞ്ച് ചെണ്ടുമല്ലിയുടേയും, വയലറ്റ് വാടാ മല്ലിയുടെയും തൈകൾ ഉല്പാദിപ്പിച്ചാണ് കൃഷി. ജൂൺ അവസാനത്തോടെ സ്ഥലം ഉഴുത് കുമ്മായം ചേർത്ത് ഒരാഴ്ച ഇട്ടു. പന്നീട് വാരങ്ങൾ എടുത്ത് തൈകൾ നട്ടു. നടുന്നതിന് മുമ്പ് തൈകളുടെ വേര് ഭാഗം സ്യൂഡോമോണാസ് വെള്ളത്തിൽ നേർപ്പിച്ച് പത്ത് മിനിറ്റ് മുക്കി വെച്ചതിന് ശേഷമാണ് തൈകൾ നട്ടത്. തൈകൾ വളർന്ന് വിളവ് തുടങ്ങിയാൽ ഒന്നര മാസം വരെ പൂക്കൾ പറിക്കാൻ പറ്റും.