കാട്ടാക്കട: കൃഷിയെന്നാല്‍ ഇവര്‍ക്ക് ജീവശ്വാസം പോലെയാണ്. ജൈവകൃഷിയിലൂടെ മണ്ണില്‍ പൊന്നുവിളയിക്കുകയാണ് വയോധികരായ ഈ ദമ്പതികള്‍. സ്വന്തമായുള്ള 90 സെന്റ് ഭൂമിയിലാണ് കോട്ടൂര്‍ കാവുവിള വീട്ടില്‍ ചന്ദ്രന് നൃത്തകുമാരി ദമ്പതികള്‍ ജൈവകൃഷിചെയ്ത് പൊന്നുവിളയിക്കുന്നത്. ഈ പ്രായത്തിലും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നത് കൃഷിയിലൂടെ കിട്ടുന്ന സംതൃപ്തിയാണെന്നാണ് ചന്ദ്രന് പറയുന്നത്.
കോവിഡും ലോക്ഡൗണുമാണ് മരപ്പണിക്കാരനായ ചന്ദ്രനെ കൃഷി ചെയ്യാന്‍ പ്രേരിപ്പിച്ചത്. വീട്ടിലെ അടച്ചുപൂട്ടല്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ തന്നെ ഈ ദമ്പതികള്‍ തീരുമാനിച്ചു. അങ്ങനെയാണ് ജൈവകൃഷിയിലേയ്ക്ക് തിരിഞ്ഞത്. കൃഷി പലതും വന്യമൃഗങ്ങള്‍ കൊണ്ടുപോകുമെങ്കിലും മുന്നോട്ടുവച്ചകാല്‍ പിന്നോട്ടുവയ്ക്കാന്‍ ചന്ദ്രന് തയാറായില്ല. മാന്‍, കുരങ്ങ്, പന്നി എന്നിവയാണ് ഈ പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ കൃഷി നശിപ്പിക്കുന്നത്. കുറ്റിച്ചല്‍ കൃഷിഭവനില്‍ നിന്നും അത്യുല്പാദനശേഷിയുള്ള വിത്തുകളും, വളങ്ങളും, ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങളുമാണ് തങ്ങള്‍ക്ക് പ്രചോദനമായതെന്ന് ദമ്പതികള്‍ പറയുന്നു.
സലാഡ് വെള്ളരി, പയര്‍, പാവല്‍, കത്തിരി, വഴുതനങ്ങ, ചീര, വെണ്ട, പടവലം, ഇഞ്ചി, മഞ്ഞള്‍, വാഴ തുടങ്ങിയവയാണ് നിലവിലെ കൃഷികള്‍. കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാണെങ്കിലും കൃഷി ഉപേക്ഷിക്കാന്‍ തയാറല്ലെന്ന് ഇവര്‍ ഒരേസ്വരത്തില്‍ പറയുന്നു. ചീരയും പാവലും സലാഡ് വെള്ളരിയുമെല്ലാം വീടുകളിലെത്തിച്ചുകൊടുത്താണ് ഇവര്‍ ദൈനംദിനചെലവുകള്ക്കുള്ള തുക കണ്ടെത്തുന്നത്. ചന്ദ്രന്, നൃത്തകുമാരി എന്നിവര്‍ക്ക് കൃഷിയോടുള്ള താല്‍പ്പര്യവും ഇഷ്ടവും അര്‍പ്പണമനോഭാവവും പരിഗണിച്ച് കുറ്റിച്ചല്‍ കൃഷിഭവന് ഉദ്യോഗസ്ഥര്‍ ഇവരുടെ കൃഷിയിടം സന്ദര്‍ശിക്കുകയും കര്‍ഷകദിനമായ ചിങ്ങം 1-ന് മികച്ച കര്‍ഷകനുള്ള പുരസ്ക്കാരം നല്‍കുമെന്നും അറിയിച്ചതായി ദമ്പതികള്‍ പറഞ്ഞു.



