ആറ്റിങ്ങൽ പിരപ്പമൺകാട് പാടശേഖരം വീണ്ടും പച്ചപ്പുതയ്ക്കാൻ ഒരുങ്ങുന്നു. ടൂറിസത്തിൻ്റെ അനന്തസാധ്യതകൾ വിളിച്ചോതുന്ന ഈ പാടശേഖരം കഴിഞ്ഞ കുറേ വർഷങ്ങളായി സോഷ്യൽ മീഡിയയിൽ താരമാണ്. ഇത്തവണ ‘ചേറ്റുത്സവം’ എന്ന വേറിട്ട പരിപാടിയിലൂടെ ആണ് ഇവിടെ കാർഷിക പ്രവർത്തനങ്ങൾക്ക് തുടക്കമായത്. ചേറിൻ്റെ മനമറിയുന്ന ഓട്ടക്കാരും തലയെടുപ്പുള്ള കാളക്കൂറ്റന്മാരും തീർത്ത വേഗത്തിനൊപ്പം കാണികളുടെ കണ്ണും മനസ്സും സഞ്ചരിച്ചു. ആവേശത്തിൻ്റെ കൊടുമുടിയിൽ കാളപൂട്ടും മരമടിയും, പോയ കാലത്തിൻ്റെ സ്മരണകൾ ഉണർത്തി പുതുതലമുറയിൽ ആവേശം നിറച്ചു. പാടശേഖരത്തെ ഞാറ് നടിയിൽ ആരംഭിക്കുന്നതിന് മുന്നോടിയായി ആണ് ചേറ്റുൽസവം സംഘടിപ്പിച്ചത്. മണ്ണിനെ അറിയുക, കർഷകരെ അറിയുക, കൃഷി എന്താണെന്ന് മനസ്സിലാക്കുക അങ്ങനെ വിവിധ ഉദ്ദേശങ്ങളോട് കൂടിയാണ് ചേറ്റുത്സവം സംഘടിപ്പിച്ചത്.
പിരപ്പമൺകാടിൻ്റെ കാർഷിക സ്വയം പര്യാപ്തത, ടൂറിസം സാധ്യതകളുടെ വളർച്ച, സ്വന്തം ബ്രാൻഡിലെ അരിയുൽപാദനം, തൊഴിലവസരങ്ങളുടെ വർദ്ധന, കാർഷിക മികവിൽ ജില്ലയിലെ ഒന്നാം സ്ഥാനം, പള്ളിക്കൂടങ്ങൾ പാടത്തേക്ക്, കൃഷിയിലെ സാംസ്കാരിക ഇടപെടലുകൾ, അങ്ങനെ അങ്ങനെ സമഗ്രതയിലെ കാർഷിക മുന്നേറ്റം എന്നിവ എല്ലാം ഇത്തവണയും ലക്ഷ്യം ഇടുന്നുണ്ട്. ഇവിടത്തെ കാർഷിക മുന്നേറ്റം പുറംലോകം അറിയുന്നത് ഇവിടെ നിന്നും ചിത്രീകരിച്ച റീലുകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നതോടെയാണ്. മറ്റ് മാധ്യമങ്ങളും ഇതിൽ ചെറുതല്ലാത്ത ഒരു പങ്കുവഹിച്ചിട്ടുണ്ട്. വരും നാളുകളിൽ ടൂറിസത്തിൻ്റെ അനന്തമായ സാധ്യതകൾ തുറന്നിടുകയാണ് ഈ പാടശേഖരം. വയലോരത്ത് നിർമ്മിക്കുന്ന ഏറുമാടവും ഇരിപ്പിടങ്ങളും എല്ലാം കൂടുതലാളുകളെ ഇവിടേക്ക് ആകർഷിക്കും. ഞാറുനടീലിന് മുന്നോടിയായി സംഘടിപ്പിച്ച ചേറ്റുത്സവം എം എൽ എമാരായ വി ശശിയും ഒ എസ് അംബികയും ഉദ്ഘാടനം ചെയ്തു. പാടത്തിൽ നിരവധി കലാപരിപാടികളും അരങ്ങേറി. അഞ്ചാം തവണയാണ് ഇവിടെ വീണ്ടും കൃഷി ഒരുങ്ങുന്നത്.



