Sunday, August 3, 2025
No menu items!
Homeവാർത്തകൾമണ്ഡല–മകരവിളക്കു തീർഥാടനകാലത്തെ ദർശനം പൂർത്തിയായി; ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കും

മണ്ഡല–മകരവിളക്കു തീർഥാടനകാലത്തെ ദർശനം പൂർത്തിയായി; ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കും

പത്തനംതിട്ട: മണ്ഡല-മകരവിളക്കു തീര്‍ഥാടനകാലത്ത് ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശനസായൂജ്യം നല്‍കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കും. തീര്‍ഥാടനത്തിനു സമാപനം കുറിച്ചു മാളികപ്പുറത്തെ മണിമണ്ഡപത്തിനു മുന്‍പില്‍ ഇന്നലെ ഗുരുതി നടന്നു. ഇന്നലെ രാത്രി അത്താഴ പൂജയോടെയാണ് ഭക്തര്‍ക്കുള്ള ദര്‍ശനം പൂര്‍ത്തിയായത്. തുടര്‍ന്നു മകരവിളക്ക് ഉത്സവംമൂലം ദേവന്റെ ചൈതന്യത്തിനു സംഭവിച്ച കുറവിനു പരിഹാരമായും മലദൈവങ്ങളുടെ പ്രീതിക്കുമായി ഗുരുതി പൂജയും ഗുരുതിയും നടന്നു. അത്താഴപൂജ കഴിഞ്ഞു ഹരിവരാസനം ചൊല്ലി നട അടച്ചശേഷം പന്തളം രാജപ്രതിനിധി തൃക്കേട്ടനാള്‍ രാജരാജ വര്‍മയും പരിവാരങ്ങളുമെത്തി. പിന്നാലെ ദേവസ്വം അധികൃതരും മണിമണ്ഡപത്തിനു മുന്‍പിലെത്തിയതോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്.

കുമ്പളങ്ങ മുറിച്ചു ഗുരുതി നടത്തി. മലദൈവങ്ങളെയും ഭൂതഗണങ്ങളെയും പ്രതീപ്പെടുത്താനായി മഞ്ഞള്‍പ്പൊടിയും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കിയ ‘നിണം’ തൂകി. റാന്നി കുന്നയ്ക്കാട്ട് ദേവീവിലാസത്തില്‍ ജെ അജിത്കുമാര്‍, ജെ ജയകുമാര്‍, രതീഷ് കുമാര്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ഗുരുതി നടത്തിയ കര്‍മികള്‍ക്കു രാജപ്രതിനിധി ദക്ഷിണ നല്‍കി. ഇന്നു രാവിലെ തന്ത്രി കണ്ഠര് രാജീവര് അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തും. തുടര്‍ന്ന് തിരുവാഭരണവാഹകര്‍ തിരുവാഭരണപ്പെട്ടികള്‍ ശിരസ്സിലേറ്റി പതിനെട്ടാംപടി ഇറങ്ങും. തുടര്‍ന്ന് രാജപ്രതിനിധിയുടെ ദര്‍ശനം. അയ്യപ്പ വിഗ്രഹത്തില്‍ മേല്‍ശാന്തി എസ് അരുണ്‍കുമാര്‍ നമ്പൂതിരി ഭസ്മാഭിഷേകം നടത്തി അയ്യപ്പനെ ധ്യാനത്തിലാക്കി നട അടയ്ക്കും. ശ്രീകോവിലിന്റെ താക്കോല്‍ കൈമാറ്റവും നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments