ന്യൂഡൽഹി: ദില്ലി ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ജയ്ഷേയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഭീകരർ പാകിസ്ഥാൻ സന്ദർശിച്ചു. യാത്രക്ക് സൗകര്യം ഒരുക്കിയത് ശ്രീനഗറിൽ പിടിയിലായ ആദിൽ റാത്തറുടെ സഹോദരൻ മുസാഫറാണ് എന്നാണ് വിവരം. ശ്രീനഗറിൽ പിടിയിലായ ആദിൽ റാത്തറെ ചോദ്യം ചെയ്തപ്പോഴാണ് നിർണയക വിവരം ലഭിച്ചത്. ഇയാളുടെ സഹോദരൻ മുസാഫർ റാത്തറാണ് ഭീകരർക്ക് ദുബായ്, തുർക്കി പാകിസ്ഥാൻ എന്നിവിടങ്ങളിൽ പോകാൻ സൗകര്യം ഒരുക്കിയത്. മുസാഫർ റാത്തറിന് ജെയ്‌ഷെയുമായി അടുത്ത ബന്ധമാണ്.
അതേസമയം, സ്ഫോടനത്തിൽ എന്‍ഐഎ അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യാൻ നീക്കം. പ്രതികളുടെ ഉടമസ്ഥതയിൽ കൂടുതൽ കാറുകൾ ഉണ്ടോ എന്നും എന്‍ഐഎ പരിശോധിക്കും. പിടിച്ചെടുത്തതിന് പുറമേയുള്ള സ്ഫോടക വസ്തുക്കൾ ഹരിയാനയിൽ പലയിടത്തും സൂക്ഷിച്ചിട്ടുണ്ട് എന്നാണ് വിവരം. ദില്ലിയില്‍ സ്ഫോടനത്തിന് 2022 മുതൽ ആസൂത്രണം ആരംഭിച്ചെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം



