ഭിന്നശേഷിക്കാരായ അഞ്ചുപേർ മുച്ചക്രസ്‌കൂട്ടറിൽ ഒരു ഇന്ത്യ യാത്ര തുടങ്ങുന്നു. വിനോദസഞ്ചാരസ്ഥലങ്ങൾ ഉൾപ്പെടെയുള്ള പ്രധാനകേന്ദ്രങ്ങൾ ഭിന്നശേഷിക്കാർക്കും പ്രാപ്യമാക്കണമെന്ന ബോധവകത്കരണവുമായാണു യാത്ര. ഡൽഹിയിൽ തുടങ്ങി ഗോവ വഴി ധനുഷ്കോടിയിലെത്തി തിരിച്ച് ആന്ധ്രവഴി ഡൽഹിയിലെത്തും 20 ദിവസംകൊണ്ട് 6,000 കിലോമീറ്റർ യാത്ര ഡിസംബർ അവസാനം തുടങ്ങും.
സംഘത്തിൽ ഒരു മലയാളിയേയുള്ളൂ, കൊടുങ്ങല്ലൂർ സ്വദേശിയും വോയ്‌സ് ഓഫ് ഡിസേബിൾഡ് സംഘടനാ ജനറൽസെക്രട്ടറിയുമായ പി.എ സൂരജ്. മധ്യപ്രദേശ് സ്വദേശി ആമീർ സിദ്ദിഖ്വി, ഛത്തീസ്‌ഗഢിലെ പവൻ കശ്യപ്, ഡൽഹി സ്വദേശി സന്ദീപ് കുമാർ, ഹരിയാണയിലെ പ്രമോദ് സിങ് എന്നിവരാണു സഹയാത്രികർ.
നട്ടെല്ലിനു ക്ഷതമേറ്റ് അരയ്ക്കുതാഴെ ചലനശേഷി നഷ്‌ടപ്പെട്ടയാളാണ് സൂരജ് കടലാസ് ഉത്പന്ന നിർമാണമാണു ജോലി. വണ്ടിയോടിക്കുമെങ്കിലും ചക്രക്കസേരയിൽനിന്ന് മുച്ചക്രസ്കൂട്ടറിലേക്കു കയറാനും തിരിച്ചിറങ്ങാനും പരസഹായം വേണം. അതിനാൽ, സൂരജിൻ്റെ ഭാര്യ സൗമ്യയും യാത്രയിൽ പങ്കാളിയാകും മുൻപ്, 2,500 കിലോമീറ്റർ കാർഗിൽ റൈഡിൽ പങ്കെടുത്തിട്ടുണ്ട് സൂരജ്.
കേന്ദ്ര ഭിന്നശേഷി ശാക്തീകരണവകുപ്പിനു കീഴിൽ ആക്സസിബിൾ ഇന്ത്യ കാംപെയ്‌നിൻ്റെ ഭാഗമായാണ് ഇവരുടെ യാത്ര ചെലവിനായി ഒൻപതുലക്ഷം രൂപവകുപ്പിൽനിന്ന് അനുവദിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ എൻ.ജി.ഒ കളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. പൊതുവിടങ്ങൾ മിക്കതും ഭിന്നശേഷീ സൗഹൃദമല്ലാത്തതിനാൽ ചക്രക്കസേരയിൽ സഞ്ചരിക്കുന്നവർക്ക് അവിടെയൊന്നും എത്താനാകില്ല നിബന്ധനയുണ്ടെങ്കിലും പല എ.ടി.എമ്മുകളിൽപ്പോലും റാംപ് സൗകര്യമില്ല. അതു മാറണം. എല്ലായിടവും എല്ലാവർക്കും പെരുമാറാനാകണമെന്ന സന്ദേശം രാജ്യമൊട്ടാകെ എത്തിക്കുകയാണ് യാത്രയുടെ ലക്ഷ്യം
ഹരിയാണ, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ സന്ദർശിച്ച് യാത്ര പൂർത്തിയാക്കും.



