Tuesday, December 23, 2025
No menu items!
Homeവാർത്തകൾബെയ്‌ലി പാലത്തിനായി വിശ്രമമില്ലാതെ പ്രവർത്തിച്ചു; മേപ്പാടിക്കാർ സീത അശോക് ഷെൽക്കെയ്ക്കു നന്ദി പറയുകയാണ്

ബെയ്‌ലി പാലത്തിനായി വിശ്രമമില്ലാതെ പ്രവർത്തിച്ചു; മേപ്പാടിക്കാർ സീത അശോക് ഷെൽക്കെയ്ക്കു നന്ദി പറയുകയാണ്

മേപ്പാടി: മുണ്ടക്കൈയിലെ ബെയ്‌ലി പാലം നിർമാണത്തിനായി മുഴുവൻ ടീമും 48 മണിക്കൂറാണു നിർത്താതെ പ്രവർത്തിച്ചത്. ബെംഗളൂരുവിലെ മദ്രാസ് എൻജിനീയർ ഗ്രൂപ്പിലെ 144 അംഗ സംഘമാണു സൈന്യത്തിലെ എൻജിനീയറായ സീത അശോകിന്റെ നേതൃത്വത്തിൽ ബെയ്‌ലി പാലം നിർമിച്ചത്. മഹാരാഷ്ട്ര സ്വദേശിനിയായ സീത അശോക് ഷെൽക്കെയ്ക്കു മേപ്പാടിക്കാർ ഇപ്പോൾ നന്ദി പറയുകയാണ്. പ്രതീക്ഷയറ്റു മറുകരയിലായ മേപ്പാടിക്കാരുടെ ഉറ്റവരുടെ അടുത്തേക്കു മുണ്ടക്കൈ പുഴയ്ക്കു മുകളിലൂടെ ബെയ്‌ലി പാലം നിർമിച്ച പട്ടാള സംഘത്തിലെ പെൺകരുത്താണു സീത അശോക്. ബെംഗളൂരുവിൽനിന്നു പുറപ്പെടുമ്പോൾ തങ്ങളുടെ ഒരേയൊരു ലക്ഷ്യം ബെയ്‌ലി പാലം എത്രയും വേഗം പൂർത്തിയാക്കുക എന്നതായിരുന്നുവെന്നു സീതാ അശോക് പറഞ്ഞു.

‘‘വളരെയേറെ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു പാലത്തിന്റെ നിർമാണം. മേപ്പാടിക്കാരും സന്നദ്ധ പ്രവർത്തകരും പാലം നിർമാണത്തിൽ ഞങ്ങളെ അകമഴിഞ്ഞു സഹായിച്ചു. ദുരന്തമുഖത്തുണ്ടായിരുന്നവർ തങ്ങളാലാവുന്ന വിധം പാലം നിർമാണവുമായി സഹകരിച്ചു’’ സീത അശോക് ഷെൽക്കെ പറയുന്നു. മുണ്ടക്കൈയിലെ ബെയ്‌ലി പാലം നിർമാണത്തിനായി മുഴുവൻ ടീമും 48 മണിക്കൂറാണു നിർത്താതെ പ്രവർത്തിച്ചത്. മൂന്ന് മിനിറ്റിന്റെ ഇടവേള മാത്രമാണ് ആകെ എടുത്തത്. മേപ്പാടിക്കാർക്കു സംഭവിച്ച നഷ്ടങ്ങളുടെ ആഴം വലിയതാണ്. അവിടേക്ക് എത്തിപ്പെടാൻ ഈ പാലം മാത്രമാണ് ആശ്രയമെന്നു മനസിലായതോടെ വിശ്രമിക്കാൻ ഞങ്ങൾക്കാർക്കും തോന്നിയില്ല. രാവിലെ ആറുമണിക്കു വെളിച്ചം വീണതോടെ തന്നെ ജോലി തുടങ്ങി. പ്രാഥമിക ആവശ്യത്തിനു ശൗചാലയം പോലും ഇല്ലായിരുന്നു. എല്ലാ പ്രതികൂല സാഹചര്യങ്ങളും സഹിച്ചാണു സംഘം മുണ്ടക്കൈയ്യിൽ പാലം പണി തുടർന്നത്. രാത്രിയായതും പ്രതികൂല കാലാവസ്ഥയും കാരണം പാലം നിർമാണം നിർത്തേണ്ടി വരുമെന്നാണു കരുതിയത്. വൈകാതെ വെളിച്ചത്തിനുള്ള സൗകര്യം അധികൃതർ എത്തിച്ചു, ഭക്ഷണം നൽകി. ഞങ്ങളുടെ ഓഫിസർമാരിൽ ഒരാളും മലയാളിയുമായ മേജർ അനീഷ് മോഹൻ രാത്രിയിലും ജോലി ചെയ്യാമെന്ന് അറിയിച്ചു. വൈകാതെ പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടു. വിവരം ഓഫിസർ കമാൻഡന്റ് ബ്രിഗേഡിയർ അജയ് സിങ് ഠാക്കൂറിനെയും മുതിർന്ന ഉദ്യോഗസ്ഥരെയും അറിയിച്ചതോടെ പിന്തുണ കിട്ടി. രാത്രിയിലും ഞങ്ങൾ ഇടതടവില്ലാതെ ജോലി തുടർന്നു അവർ പറഞ്ഞു.
ടീമിലെ ഏക വനിതാ അംഗമാണല്ലോ എന്ന ചോദ്യത്തിനു സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലെന്നും ഇത്തരം സാഹചര്യങ്ങളെ നേരിടാൻ പരിശീലനം ലഭിച്ച സൈനികരാണു തങ്ങളെന്നുമാണു സീത പറഞ്ഞത്. എവിടെയും പ്രത്യേകാവകാശങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും സീത കൂട്ടിച്ചേർത്തു. സൈന്യത്തിൽ ചേരുക എന്നതായിരുന്നു ആത്യന്തിക ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.

ബെയ്‌ലി പാലത്തിന്റെ പ്രധാന ജോലികൾ നടന്നുകൊണ്ടിരിക്കെ, മറ്റൊരു നടപ്പാലം പുഴയ്ക്കു കുറുകെ നിർമിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നതായി മദ്രാസ് എ‍ൻജിനീയർ ഗ്രൂപ്പിലെ ആലപ്പുഴ സ്വദേശിയായ മേജർ അനീഷ് മോഹനും പറഞ്ഞു. ഞങ്ങളുടെ ടീം രാത്രിക്കു രാത്രി തന്നെ ആ നടപ്പാലം പണിതു. മൂന്നു മണിക്കൂർ കൊണ്ടാണു നടപ്പാലം പൂർത്തിയാക്കിയത്. ബെയ്‌ലി പാലം നിർമാണത്തിന് ഒരു സമയക്രമം നിശ്ചയിച്ചിട്ടില്ലായിരുന്നു. എന്നാലും ഏറ്റവും വേഗം ജോലികൾ പൂർത്തിയാക്കുന്നതിലായിരുന്നു ഞങ്ങളുടെ ശ്രദ്ധ. വിശ്രമിക്കാനോ വസ്ത്രം മാറാനോപോലും പോയിരുന്നില്ല. കനത്ത മഴയിലും 48 മണിക്കൂർ കൊണ്ടാണു കഠിനാധ്വാനത്തിലൂടെ പാലം പണി പൂർത്തിയാക്കിയത്. ഇന്നലെമാത്രമാണ് കുറച്ചു ഉറക്കം കിട്ടിയത്, മേജർ അനീഷ് മോഹൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments