ബെംഗളൂരുവിലെ യെലഹങ്കയില്‍ മാംസാഹാരങ്ങൾക്ക് ഒരു മാസത്തേക്ക് വിലക്ക്. ബെംഗളൂരു മഹാനഗര പാലികയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. യെഹലങ്കയിലെ വ്യോമസേനാ താവളത്തിന്റെ 13 കിലോമീറ്റര്‍ ചുറ്റളവിലാണ് ഇറച്ചിയും മീനും വില്‍ക്കുന്നതിനാണ് നിരോധനം. എയറോഷോയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ജനുവരി 23 മുതല്‍ ഫെബ്രുവരി 17 വരെയാണ് വിലക്ക്. യെഹലങ്കയിലെ വ്യോമസേനാ താവളത്തിന്റെ 13 കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനം ഏർപ്പെടുത്തിയത്. ഹോട്ടലുകൾ, മാംസ-മത്സ്യവിൽപന ശാലകൾ എന്നിവ അടക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. നിയമം ലംഘിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി.
യെഹലങ്ക വ്യോമസേനാ താവളത്തില്‍ ഫെബ്രുവരി 10 മുതല്‍ 14 വരെയാണ് എയറോഷോ നടക്കുന്നത്. അതിന് മുൻപ് പരിശീലന പറക്കൽ നടക്കും. ഇതിനിടിൽ പക്ഷികൾ വിമാനങ്ങളിൽ വന്ന് ഇടിക്കുന്നത് ഒഴിവാക്കാനാണ് തീരുമാനം. മത്സ്യ-മാംസാവശിഷ്ടങ്ങൾ കഴിക്കുന്നതിനായി പരുന്ത് പോലുള്ള പക്ഷികൾ ഈ പ്രദേശങ്ങളിൽ ധാരാളമായി എത്താറുണ്ട്. നിരോധനം ഏർപ്പെടുത്തുന്നതോടെ ഇവയ്ക്ക് തടയിടുകയാണ് ലക്ഷ്യം. നിയമലംഘകര്‍ക്കെതിരെ 2020-ലെ ബി ബി എം പി നിയമപ്രകാരവും 1937-ലെ എയര്‍ക്രാഫ്റ്റ് റൂൾസിലെ ചട്ടം 91 പ്രകാരവും നടപടിയുണ്ടാകുമെന്ന് ഉത്തരവിൽ പറഞ്ഞു.



