പാലക്കാട്: ബാങ്കിങ് സ്ഥാപനങ്ങളുടേതെന്ന വ്യാജേന വാട്സ്ആപ്പിൽ പുതിയ തട്ടിപ്പ് കരുതിയിരിക്കണമെന്ന് പൊലീസ്. കെ.വൈ.സി അപ്ഡേഷന്റെ പേരിൽ ബാങ്കിന്റെ ഔദ്യോഗിക പ്രൊഫൈൽ ചിത്രമടങ്ങിയ എ.പി.കെ ഫയൽ അയച്ചു നൽകിയാണ് തട്ടിപ്പ് തുടങ്ങുന്നത്.തട്ടിപ്പിന്റെ വഴി ഇങ്ങനെ ബാങ്കിന്റെ പ്രൊഫൈൽ ചിത്രമടങ്ങിയ എ.പി.കെ ഫയൽ വാട്സ്ആപ് വഴി അയക്കുന്നു ഈ ഫയൽ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർക്ക് ലഭിക്കുന്നു.ഫോണിൽ സേവ് ചെയ്തിട്ടുള്ള ബാങ്കിങ് ഇടപാടിന്റെ ലോഗിൻ വിവരങ്ങൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, വാട്സ്ആപ്പ് അക്കൗണ്ട് കോൺടാക്ടുകൾ എന്നിവ ഹാക്ക് ചെയ്യുന്നു.തുടർന്ന് ബാങ്കിങ് ലോഗിൻ ഉപയോഗിച്ച് അക്കൗണ്ടിൽനിന്ന് പണം അപഹരിക്കുന്നു.കൂടാതെ വാട്സ്ആപ്പ് കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് ഈ മെസേജുകൾ ഫോർവേഡ് ചെയ്ത് അവരെയും തട്ടിപ്പിന് ഇരയാക്കുന്നു.
സൈബർ തട്ടിപ്പിനിരയായാൽ 1930 എന്ന ടോൾ ഫ്രീ നമ്പറിലോ www.cybercrime.gov.in വെബ്സൈറ്റിലോ പരാതി നൽകാം.തട്ടിപ്പിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കാൻബാങ്കിങ് കെ.വൈ.സി അപ്ഡേറ്റ്, ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ് സേവനങ്ങൾ എന്നിവക്കായി ധനകാര്യ സ്ഥാപനങ്ങൾ ഒരിക്കലും വാട്സ്ആപ്പ് വഴി ഒ.ടി.പി/എ.ടി.എം പിൻ തുടങ്ങിയ വിവരങ്ങൾ ചോദിക്കില്ല. വാട്സ്ആപ്പ്, എസ്.എം.എസ് എന്നിവ വഴി ലഭിക്കുന്ന ആപ്ലിക്കേഷൻ ഫയലുകൾ, ലിങ്കുകൾ എന്നിവ സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. ഇൻഷുറൻസ്/ബാങ്കിങ് മറ്റു ഓൺലൈൻ സേവനങ്ങളുടെ വാട്സ്ആപ്പ് നമ്പർ വെരിഫൈഡ്/ അല്ലെങ്കിൽ ആ കമ്പനിയുടേതാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക. നിങ്ങളുടെ സുഹൃത്ത് വാട്സ്ആപ്പ് ആക്ടിവേഷൻ വെരിഫിക്കേഷൻ കോഡ് അറിയാതെ നിങ്ങൾക്ക് ഫോർവേഡ് ചെയ്തെന്നും അത് തിരിച്ച് ഷെയർ ചെയ്യണമെന്നുമുള്ള സന്ദേശം ശ്രദ്ധിക്കണം. ഇതിലൂടെ വാട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. തട്ടിപ്പുകാർ നിങ്ങളുടെ സുഹൃത്തിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തിട്ടാണ് ഇത്തരത്തിൽ സന്ദേശം അയക്കുന്നത്. സുഹൃത്തുക്കൾ അത്യാവശ്യമായി പണം ആവശ്യപ്പെട്ട് മെസ്സഞ്ചർ, വാട്സ്ആപ്പ് വഴി സന്ദേശം അയക്കുകയാണെങ്കിൽ വ്യക്തിയെ വിളിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രം പണം കൈമാറുക.



