ഫ്ളോറിഡ : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് ആറര മണിക്കൂർ നടന്ന് സുനിതാ വില്യംസ് . വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകിട്ട് ആറിനാണ് സ്പേസ് വാക്ക് ആരംഭിച്ചത്. നാസയുടെ ബഹിരാകാശയാത്രികരായ നിക്ക് ഹേഗും അവർക്കൊപ്പമുണ്ടായിരുന്നു. തകരാറിലായ പാത നിയന്ത്രണ സംവിധാനം മാറ്റി സ്ഥാപിച്ചു. എക്സ്റേ ടെലിസ്കോപ്പായ നിസർ, നാവിഗേഷൻ റിഫ്ളക്ടർ, ആൽഫ മാഗ്നറ്റിക് സ്പെക്ട്രോമീറ്റർ തുടങ്ങിയവയിൽ അറ്റകുറ്റപ്പണി നടത്തി.
23ന് രാവിലെ 7.15ന് ആരംഭിക്കുന്ന രണ്ടാം സ്പേസ് വാക്കിലും സുനിത പങ്കെടുക്കും. നിലയത്തിൽ ജൂൺ മുതൽ കുടുങ്ങിപ്പോയ സഹയാത്രികൻ ബുച്ച് വിൽമോറാണ് രണ്ടാം ബഹിരാകാശ നടത്തത്തിൽ സുനിതയ്ക്കൊപ്പം ചേരുക. സ്റ്റാർലൈനർ പേടകത്തിന്റെ ക്ഷമതാ പരിശോധനയുടെ ഭാഗമായി അതേ പേടകത്തിൽ കഴിഞ്ഞ ജൂൺ ആറിനാണ് ഇരുവരും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തിയത്. സ്റ്റാർലൈനർ പേടകത്തിന് യാത്രയ്ക്കിടെതന്നെ സാങ്കേതികത്തകരാറുണ്ടായി. ഇതുമൂലമാണ് ഇരുവർക്കും മടങ്ങാൻ കഴിയാതിരുന്നത് ഭൂമിയിലേക്കുള്ള ഇരുവരുടെയും മടക്കം അനിശ്ചിതമായി നീളുകയാണ്.



