ഫുജൈറ: രാജ്യത്തിന്റെ കിഴക്കൻ പ്രദേശമായ ഫുജൈറയിൽ വെള്ളിയാഴ്ച ഉച്ചക്ക് ചെറു ഭൂചലനം അനുഭവപ്പെട്ടു. ഉച്ച 12.35നാണ് സഫാദ് പ്രദേശത്ത് റിക്ടർ സ്കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഭൂകമ്പ നിരീക്ഷണ നെറ്റ്വർക് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രകമ്പനത്തിന് 2.3കി.മീറ്റർ ആഴമാണ് രേഖപ്പെടുത്തിയത്. താമസക്കാർക്ക് ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടില്ലെന്നും യു.എ.ഇയിൽ പ്രതിഫലനമൊന്നും സൃഷ്ടിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം സമീപ പ്രദേശമായ ഓമാന്റെ ഭാഗമായ മദ്ഹയിലും ചെറു ഭൂചലനം രേഖപ്പെടുത്തിയിരുന്നു. പുലർച്ചെ 5.13ന് 2.2 മാഗ്നിറ്റ്യൂഡ് ചലനമാണ് രേഖപ്പെടുത്തിയത്. ഈ മാസാദ്യം അതിർത്തി പ്രദേശമായ അൽ സിലയിലും ഭൂചലനം രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇവയിലൊന്നും വലിയ പ്രകമ്പനമോ അപകടങ്ങളോ റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല



