Monday, August 4, 2025
No menu items!
Homeവാർത്തകൾപ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുളെടുത്ത ചൂരല്‍മലയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുളെടുത്ത ചൂരല്‍മലയില്‍

കല്‍പ്പറ്റ: രാവിലെ 11 മണിയോടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും അടക്കമുള്ളവർ സ്വീകരിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവർ പ്രധാനമന്ത്രിക്കൊപ്പമുണ്ട്. തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ ഉച്ചയ്ക്ക് 12.10 വരെ ദുരന്തമുണ്ടായ പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തി. തുടർന്ന് കൽപറ്റയിൽ ഇറങ്ങിയശേഷം വാഹനവ്യൂഹത്തിൽ ചൂരൽമലയിലെത്തി.

കല്‍പ്പറ്റയിൽ നിന്ന് റോഡ് മാര്‍ഗം ചൂരൽമലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത ഭൂമി സന്ദര്‍ശിക്കുകയാണിപ്പോള്‍. വെള്ളാര്‍മല സ്കൂള്‍ റോഡിലാണ് ആദ്യ സന്ദര്‍ശനം. ഉരുള്‍പൊട്ടലിൽ തകര്‍ന്ന വെള്ളാര്‍മല ജിവിഎച്ച്എസ് സ്കൂളും പ്രദേശത്ത് തകര്‍ന്ന വീടുകളും പ്രധാനമന്ത്രി വാഹനത്തിലിരുന്ന് ആദ്യം കണ്ടു. ചൂരല്‍മലയിലെത്തിയശേഷം വെള്ളാര്‍മല സ്കൂളിലേ കുട്ടികളുടെ പഠനത്തെക്കുറിച്ചും മറ്റു വിവരങ്ങളും മോദി ചീഫ് സെക്രട്ടറി ഡോ. വി വേണുവിൽ നിന്ന് വിവരം തേടി. ഉരുള്‍പൊട്ടലിൽ തകര്‍ന്ന ചൂരൽമല സ്കൂള്‍ റോഡിലെ വിവിധ പ്രദേശങ്ങളും പ്രധാനമന്ത്രി നടന്നു സന്ദര്‍ശിച്ചു.

അര കിലോമീറ്ററോളം ദൂരത്തിലുള്ള സ്ഥലങ്ങളാണിപ്പോള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. ഇവിടെ നിന്ന് ചൂരൽമലയിലെ ബെയിലി പാലത്തിലൂടെ മറുകരയിലേക്ക് പോകും. തുടര്‍ന്ന് മറുകരയിൽ വെച്ച് രക്ഷാദൗത്യത്തിൽ പങ്കാളികളായ സൈനികരുമായും കൂടിക്കാഴ്ച നടത്തും. സ്കൂള്‍ റോഡില്‍ വെച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചും ദുരന്തത്തെക്കുറിച്ചും വിശദീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറിയും ദുരന്ത സ്ഥലത്ത് വെച്ച് പ്രധാനമന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിച്ചു. ദുരന്ത മേഖലയിലെ സന്ദര്‍ശനത്തിനുശേഷം ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുള്ള മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും ക്യാമ്പിലും സന്ദര്‍ശനം നടത്തും. വൈകിട്ട് മൂന്നുമണി വരെ പ്രധാനമന്ത്രി വയനാട്ടിലെ ദുരന്തമേഖലയില്‍ തുടരും. കളക്ടറേറ്റിൽ നടക്കുന്ന അവലോകന യോഗത്തിലും പങ്കെടുക്കും. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments