ചെറുതോണി : ശ്രീനാരായണഗുരുദേവന്റെ 170 മത് തിരുജയന്തിക്ക് കട്ടപ്പന നഗരത്തെ പ്രകാശപൂരിതമാക്കി ഗുരുദേവകീർത്തിസ്തംഭം. അലങ്കാര ബള്‍ബുകള്‍ കൊണ്ട് അലങ്കരിച്ച ഈ ക്ഷേത്രം ഏറെ കൗതുകവും ഉണർത്തുന്നു.
കട്ടപ്പന നഗരത്തില്‍ ഒരു വിസ്മയം തീർത്താണ് ഗാന്ധി സ്‌കോയറിന് സമീപം ഗുരുദേവക്ഷേത്രം നിലകൊള്ളുന്നത്. വിശുദ്ധ കുരിശും ദിവ്യമായ ചന്ദ്രക്കലയും പ്രണവ മന്ത്രമായ ഓംകാരവും ഒരു ശിലയില്‍ പ്രതിഷ്ഠിക്കപ്പെട്ടതിനാല്‍ ദേശീയ പ്രാധാന്യം ലഭിച്ച ഗുരുദേവ കീർത്തി സംതഭമാണിത്. ഒപ്പം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗുരുദേവക്ഷേത്രം എന്ന പ്രാധാന്യവും ഉണ്ട്. ക്ഷേത്രത്തില്‍ ഏകശിലയില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ഏകദൈവ പ്രതിഷ്ഠ മറ്റൊരു ക്ഷേത്രങ്ങളും കാണാത്ത പ്രത്യേകതയുമാണ്.
1985ല്‍ രാഷ്ട്രപതിയായിരുന്ന ആർ വെങ്കിട്ടരാമനാണ് ക്ഷേത്രം നാടിന് സമർപ്പിച്ചത്. ഏഴു നിലകളിലായിട്ടാണ് കീർത്തി സ്തംഭത്തിന്റെ നിർമാണം. ഒന്നാം നിലയില്‍ ശ്രീനാരായണഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയാണ്. രണ്ടാം നിലയില്‍ തമിഴ്നാട്ടിലെ നവോത്ഥാന നായകൻ ഇ വി രാമസ്വാമിനായ്ക്കരുടെയും മൂന്നാം നിലയില്‍ എസ്‌എൻഡിപി യോഗത്തിന്റെ സ്ഥാപക നേതാവ് ഡോക്ടർ പല്‍പ്പുവിന്റെയും, നാലാം നിലയില്‍ മഹാകവി കുമാരനാശാന്റെയും, വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യശില്പിയായ ടി കെ മാധവന്റെയും ,അഞ്ചാം നിലയില്‍ ഡോ.ബി ആർ അംബേദ്കറുടെയും , ആറാം നിലയില്‍ ഗുരുവിന്റെ ഏകദൈവസങ്കല്‍പത്തിന്റെ പ്രതീകമായി ഏക ശിലയില്‍ കൊത്തിവെച്ചിരിക്കുന്ന ഓംകാരവും കുരിശും ചന്ദ്രക്കലയും കാണാം. ഏഴാം നിലയില്‍ ശ്രീനാരായണഗുരുദേവന്റെ പൂർണ കായ പ്രതിമായണ്. 105അടിയാണ് ശ്രീനാരായണ ഗുരുദേവ കീർത്തി സമ്ബത്തിന്റെ ഉയരം.



