തിരുവനന്തപുരം: ശ്രീ ചിത്ര തിരുനാൾ മെഡിക്കൽ സയൻസസ് & ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട് (SCTIMST) നടത്തുന്ന പോസ്റ്റ് ബേസിക് സ്പെഷ്യാലിറ്റി ഡിപ്ലോമ നഴ്സിങ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കാർഡിയോ തൊറാസിക് നഴ്സിങ്, ന്യൂറോസയൻസ് നഴ്സിങ് എന്നി കോഴ്സുകളാണ് ഉള്ളത്. ഒരു വർഷമാണ് കോഴ്സിന്റെ ദൈർഘ്യം.
സ്പെഷ്യാലിറ്റി പ്രോഗ്രാമുകളിലൂടെ നഴ്സുമാരെ ഇൻപേഷന്റ്, ഔട്ട്‌പേഷന്റ് , ഐ സി യു തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യമുള്ള ബെഡ്‌സൈഡ് നഴ്സുമാരാക്കും. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ക്ലിനിക്കൽ എക്സ്പീരിയൻസിനും അവസരമുണ്ട്. ഇതിനായി ഒരു വർഷം ക്ലിനിക്കൽ മേഖലകളിൽ സ്റ്റൈപ്പന്റോടെ നിയമനം ലഭിക്കും. ഒരു വർഷം പൂർത്തിയാക്കിയാൽ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും നൽകും
കോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ജി എൻ എംഅല്ലെങ്കിൽ ബി.എസ് സി നഴ്സിങ് പൂർത്തിയാക്കിയിരിക്കണം. കൂടാതെ, ഇന്ത്യയിലെ അംഗീകൃത സ്റ്റേറ്റ് നഴ്സിംഗ് കൗൺസിൽ അല്ലെങ്കിൽ ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ രജിസ്റ്റർ ചെയ്തിരിക്കണം.
ഉയർന്ന പ്രായ പരിധി 35 വയസ് ആണ്. പ്രത്യേക വിഭാഗങ്ങൾക്ക് (SC/ST, OBC, മുൻസൈനികർ) ഇളവുകൾ ലഭിക്കും. ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന എൻട്രൻസ് പരീക്ഷ വഴിയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. ഡിസംബർ 22 ന് സ്ഥാപനത്തിൽ വെച്ചാണ് പരീക്ഷ നടക്കുന്നത്. പരീക്ഷയിൽ 50 % മാർക്ക് ലഭിക്കുന്നവർക്ക് അടുത്ത അഭിമുഖത്തിനും പ്രാക്ടിക്കൽ പരീക്ഷയ്ക്കും ക്ഷണിക്കും. അതിനു ശേഷമാകും അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കുക.
ആദ്യ വർഷം 11,140 രൂപയും രണ്ടാം വർഷം (ഓപ്‌ഷണൽ) 13,350 രൂപയുമാണ് സ്റ്റൈപ്പന്റ് ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് https://www.sctimst.ac.in/ സന്ദർശിക്കുക



