കുറവിലങ്ങാട്: ശിശുസൗഹൃദ പാർക്കും തണൽ ലഘുഭക്ഷണശാലയും ശിശുസൗഹൃദമുറിയും ഒരുക്കി ശ്രദ്ധനേടിയ കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ ഇപ്പോൾ കൃഷിയും വിളഞ്ഞിരിക്കുകയാണ്. സ്റ്റേഷൻ പരിസരത്തെ കൃഷിപാഠശാലയുടെ മാതൃകാകൃഷിത്തോട്ടത്തിൽ നാളെ വിളവെടുപ്പ്.
കുറഞ്ഞ ചെലവിൽ കൃഷിയിടങ്ങളിൽ പ്രാവർത്തികമാക്കാൻ പറ്റുന്നവിധത്തിൽ പാരമ്പര്യത്തനിമയും സാങ്കേതികവിദ്യകളും ഉപയോഗിച്ച് കാർഷിക സഫാരി ക്ലബ്ബ് കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ പരിസരത്ത് നടത്തിയ നൂതന മാതൃക കൃഷി തോട്ടത്തിലെ വിളവെടുപ്പ് ഉത്സവത്തിനാണ് നാളെ (ആഗസ്റ്റ് 20 ചൊവ്വാഴ്ച) തുടക്കം കുറിക്കുന്നത്. നാളെ വൈകുനേരം 3.30ന് സഫാരി ക്ലബ് അംഗങ്ങൾ, പോലീസ് മേലധികാരികൾ, കുറവിലങ്ങാട് കൃഷി ഓഫീസർ, സാമൂഹിക രാഷ്ട്രീയ പ്രധിനിധികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വിളവെടുപ്പ് നടത്തപ്പെടുന്നു. തത്സമയംതന്നെ ഇടനിലക്കാരില്ലാതെ തോട്ടത്തിൽ നിന്നും വിളവെടുക്കുന്ന കുക്കുബർ (ഇംഗ്ലീഷ് വെറൈറ്റി) ആവശ്യക്കാർക്ക് നിശ്ചിത തൂക്കത്തിനു വില നൽകി വാങ്ങാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണെന്ന് കാർഷിക സഫാരി ക്ലബ്ബ് സെക്രട്ടറി അറിയിച്ചു. സ്റ്റേഷൻ പരിസരത്തെ കൃഷിപാഠശാലയുടെ മാതൃകാകൃഷിത്തോട്ടത്തിൽ കുക്കുബറാണ് ഇപ്പോൾ വിളവെടുപ്പിന് പാകമായത്.
കുറഞ്ഞ ചെലവിൽ കൃഷിയിടങ്ങളിൽ പ്രാവർത്തികമാക്കാൻ പറ്റുന്നവിധത്തിൽ പാരമ്പര്യത്തനിമയും സാങ്കേതികവിദ്യകളും ചേർത്തുള്ള തോട്ടമാണ് പോലീസ് സ്റ്റേഷൻ പരിസരത്ത് തയ്യാറാക്കിയിരിക്കുന്നത്. ജൂലായ് 10ന് വിത്തിട്ട ആദ്യഫലങ്ങളുടെ വിളവെടുപ്പാണ് നാളെ (ചിങ്ങം 4 ചൊവ്വ) നടക്കുന്നത്.
കൃഷിഭവൻ ഉദ്യോഗസ്ഥരുടെയും കാർഷിക സഫാരി ക്ലബ്ബ് അംഗങ്ങളുടെയും മേൽനോട്ടത്തിലും സഹകരണത്തിലുമാണ് പോലീസിന്റെ കൃഷിപാഠശാല മുന്നോട്ട് പോകുന്നത്. 20 സെന്റിനടുത്ത് സ്ഥലം പരിസരം കാടുകയറിയ നിലയിലായിരുന്നു. പതിറ്റാണ്ടുമുമ്പ് ഇവിടെ തയ്യാറാക്കിയ മഴമറയുടെ കീഴിൽ പോലീസ് പിടികൂടി സൂക്ഷിച്ചിരുന്ന വാഹനങ്ങളും കാടുകയറിയിരുന്നു
പരമ്പരാഗത കൃഷിരീതി, പോളിഹൗസ് കൃഷി, ജലസേചനമാർഗങ്ങളായ ഡ്രിപ്- സ്പ്രിങ്ളർ, ഫെർട്ടിഗേഷൻ സിസ്റ്റം, പ്ലാസ്റ്റിക് മൾച്ചിങ്, പന്തൽകൃഷി, ഗ്രോബാഗ് കൃഷി തുടങ്ങിയവയെല്ലാം കോർത്തിണക്കി പ്രായോഗിക അറിവുപകരുന്ന ഒരു കാർഷിക പാഠശാലയാണിന്നിവിടം. കർഷകർ, യുവജനങ്ങൾ, വീട്ടമ്മമാർ, ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ തുടങ്ങി ചെറുതുംവലുതും ആയ കൃഷിചെയ്യുവാൻ ആഗ്രഹിക്കുന്നവർക്ക് നേരിൽകണ്ട് നേട്ടങ്ങളും കോട്ടങ്ങളും മനസ്സിലാക്കി പ്രായോഗികമാക്കുവാൻ ഇവിടെ അവസരമുണ്ട്.



