കാട്ടാക്കട : കാട്ടാക്കട നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഗോദയില്‍ ആവേശം വാനോളമുയര്‍ത്തി മൂന്ന് മുന്നണികളും തങ്ങളുടെ പര്യടന പരിപാടികളുമായി മുന്നേറുകയാണ്. വികസന നേട്ടങ്ങളും രാഷ്ട്രീയ നിലപാടുകളും ഉയര്‍ത്തിക്കാട്ടി ഓരോ സ്ഥാനാര്‍ത്ഥിയും വോട്ടര്‍മാരുടെ മനസ്സ് കീഴടക്കാനുള്ള തീവ്രശ്രമത്തിലാണ്.
പതിവ് സ്വീകരണ കേന്ദ്രങ്ങളില്‍ നിന്ന് മാറി വീടുകളിലും തൊഴിലിടങ്ങളിലും നേരിട്ടെത്തി വോട്ട് അഭ്യര്‍ത്ഥിക്കുന്ന രീതിയാണ് ഇത്തവണ പലയിടങ്ങളിലും കണ്ടുവരുന്നത്. കൊടുംചൂടിനെ അവഗണിച്ച് വാദ്യമേളങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും അകമ്പടിയോടെ മുന്നണികള്‍ നടത്തുന്ന പര്യടനം ഓരോ മണ്ഡലത്തെയും ഉത്സവലഹരിയിലാക്കുന്നു. വരും ദിവസങ്ങളില്‍ പ്രമുഖ നേതാക്കള്‍ കൂടി പ്രചാരണ രംഗത്തേക്ക് എത്തുന്നതോടെ പോരാട്ടം കൂടുതല്‍ ശക്തമാകും. നാടിന്റെ വികസനവും ഭാവി രാഷ്ട്രീയവും ചര്‍ച്ചയാകുന്ന ഈ തിരഞ്ഞെടുപ്പില്‍ ആര് ജനമനസ്സുകളില്‍ ഇടംപിടിക്കുമെന്ന കാത്തിരിപ്പിലാണ് നാടും നാട്ടാരും.
** ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഐ.ബി. സതീഷിന്റെ തിരഞ്ഞെടുപ്പ് വാഹന പര്യടന ജാഥ തിങ്കളാഴ്ച ഊരൂട്ടമ്പലത്തു നിന്നും ആരംഭിച്ചു.
നാടൻപാട്ട് കലാകാരൻ ജയചന്ദ്രൻ കടമ്പനാട് ജാഥ ഉദ്ഘാടനം ചെയ്തു. തുടർന്ന് നീറോട്ടുകോണം, അരുവാക്കോട്, വണ്ടന്നൂർ, കീളിയോട്, കോട്ടമുകൾ, മണ്ണടിക്കോണം, പ്ലാവിള എന്നിവിടങ്ങളിലൂടെ ഊരൂട്ടമ്പലത്തു സമാപിച്ചു.
പ്രാവച്ചമ്പലത്ത് നടന്ന തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ പ്രകാശ് കാരാട്ട് പങ്കെടുത്തു. എ.എ റഹീം എം. പി, ആനാവൂർ നാഗപ്പൻ, എം.എം.ബഷീർ എന്നിവർ സംസാരിച്ചു. ചൊവ്വാഴ്ച പെരുകാവ് പൊറ്റയിൽ നടക്കുന്ന മേഖലാ പര്യടനം ചലച്ചിത്ര താരം ശൈലജ പി അമ്പു ഉദ്ഘാടനം ചെയ്യും.
**യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ആര്.ബൈജുവിന്റെ വാഹനപര്യടനം തിങ്കളാഴ്ച പുളിയറക്കോണത്തു നിന്നും ആരംഭിച്ചു. മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് ഉദ്ഘാടനം ചെയ്തു. വള്ളെക്കടവ്, മൈലാടി, തോട്ടുമുക്ക്, ഇടമല, മുളയറ ചെറുകോട് എന്നിവിടങ്ങളിൽ പര്യടനം നടത്തി. തുടർന്ന് ശാസ്താംപാറ, കരുവിലാഞ്ചി, വിളപ്പിൽശ്ശാല, കല്ലുവരമ്പ്, വിട്ടിയം തുടങ്ങിയ സ്ഥലങ്ങളിലൂടെ കുണ്ടമൺഭാഗത്തു സമാപിച്ചു.ചൊവ്വാഴ്ച തുമ്പോട് ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന പര്യടനം മുൻ എം. എൽ. എ. കെ. മോഹൻ കുമാർ ഉദ്ഘാടനം ചെയ്യും.
**എന്‍.ഡി.എ സ്ഥാനാര്‍ഥി പി.കെ കൃഷ്ണദാസിനായി മഹിളാ മോർച്ച നാരീശക്തി സംഗമം സംഘടിപ്പിച്ചു. കേരളത്തിലെ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെയുള്ള വിലയിരുത്തലാകും നിയമസഭാ തിരഞ്ഞെടുപ്പെന്ന്
ബിജെപി ദേശീയ കൗൺസിൽ അംഗവും മുൻ വനിതാ കമ്മീഷൻ അംഗവുമായ ഡോ. ജെ. പ്രമീളാദേവി പറഞ്ഞു. കാട്ടാക്കട മണ്ഡലത്തിലെ മഹിളാമോർച്ച സംഘടിപ്പിച്ച നാരീശക്തി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സൗമ്യ അധ്യക്ഷയായി. ചടങ്ങിൽ ചലച്ചിത്രതാരം ജീജാ സുരേന്ദ്രൻ,
മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ധന്യ ഷിബു, ബ്ലോക്ക് പഞ്ചായത്തംഗം രേഖ, പഞ്ചായത്ത് മെമ്പർമാരായ ശ്രുതി, അഞ്ചു, ഷീജ, മഹിളാമോർച്ച കാട്ടാക്കട മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. കരിഷ്മ തുടങ്ങിയവർ സംസാരിച്ചു.



