Sunday, December 21, 2025
No menu items!
Homeവാർത്തകൾപേര് റോഡ്, കണ്ടാല്‍ തോട്

പേര് റോഡ്, കണ്ടാല്‍ തോട്

തിരുവനന്തപുരം: കരുമം പുഞ്ചക്കരി റോഡിലൂടെ യാത്ര ചെയ്യുന്ന ഒരാള്‍ നട്ടെല്ലിന് ക്ഷതമേല്‍ക്കാതെ രക്ഷപ്പെടുന്നു എങ്കില്‍ അയാളുടെ ഭാഗ്യം കൊണ്ട് മാത്രമാണ്. കാരണം റോഡാണോ തോടാണോ എന്ന് അറിയാനാകാത്ത സ്ഥിതിയിലാണ് കരുമം മേലാംകോട് വാര്‍ഡിലെ മിക്ക റോഡുകളും. പൊട്ടിപ്പൊളിഞ്ഞ് ടാര്‍ ഇളകിമാറി അഗാധമായ കുഴികളാണ് ഈ റോഡുകളുടെ മുഖമുദ്ര. വെള്ളക്കെട്ട് നിറഞ്ഞ കുഴികളുടെ ആഴമറിയാതെ വന്നെത്തുന്ന ഇരുചക്രവാഹനയാത്രികര്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവങ്ങളായി മാറിയിരിക്കുകയാണ്.

റോഡില്‍ ടാറുണ്ടോ എന്ന് ചോദിച്ചാല്‍ കുറച്ച് ഭാഗങ്ങളില്‍ ഉണ്ട്. ശേഷിക്കുന്നവ മെറ്റല്‍ ഇളകി, കുണ്ടും കുഴിയുമായി, ചെളിക്കളമായി കിടക്കുകയാണ്. കരുമം മേലാംകോട് വാര്‍ഡിലെ റോഡുകള്‍ ടാര്‍ ചെയ്തിട്ട് വര്‍ഷങ്ങളായെന്ന് നാട്ടുകാര്‍ പറയുന്നു. സര്‍ക്കാരുകള്‍ മാറിമാറി വന്നിട്ടും റോഡുകളുടെ നവീകരണം മാത്രം ഇരുവരെ നടന്നിട്ടില്ല. ഈ റോഡുകളിലൂടെ യാത്ര ചെയ്യണമെങ്കില്‍ സര്‍ക്കസ് പഠിക്കണമെന്നാണ് നാട്ടുകാരുടെ ഭാഷ്യം. കൂടാതെ ഇതുവഴി സഞ്ചരിച്ച് നട്ടെല്ലിന് പരിക്കേല്‍ക്കുമ്പോള്‍ ആശുപത്രികളിലെ ചികിത്സയ്ക്കായി പണവും മാറ്റിവയ്ക്കണം. കുണ്ടിലും കുഴിയിലും വീണ് ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും നിത്യവും വര്‍ക്ക്‌ഷോപ്പില്‍ കാണിക്കേണ്ട അവസ്ഥയാണ്. കിട്ടുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും ഓട്ടോകളുടെ പണിക്കായി മാറ്റിവയ്‌ക്കേണ്ടി വരുന്നുവെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്.

മഴക്കാലമായാലുള്ള അവസ്ഥ വളരെ പരിതാപകരമാണ്. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളും വയോധികരുമെല്ലാം സൂക്ഷിച്ച് നടന്നില്ലെങ്കില്‍ ചെളിക്കുഴിയില്‍ വീണതു തന്നെ. റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതുകാരണം സ്‌ക്കൂളിലോ ഓഫീസുകളിലോ സമയത്ത് എത്തണമെങ്കില്‍ വളരെ നേരത്തെ വീട്ടില്‍ നിന്നും ഇറങ്ങണമെന്നാണ് വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും പറയുന്നത്. കാരണം കുണ്ടിലും കുഴിയിലും വണ്ടി നിര്‍ത്തി ചെളിയഭിഷേകത്തില്‍പ്പെടാതെ വളരെ പതുക്കെയല്ലേ വാഹനം ഓടിക്കാന്‍ സാധിക്കൂ. റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതു കാരണം ഓട്ടോവിളിച്ചാല്‍ വരാന്‍ പലര്‍ക്കും മടിയാണ്. റോഡിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ടാര്‍ ചെയ്ത് ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments