തിരുവല്ല: കാട്ടുപന്നികൾ പെരിങ്ങരയിൽ ഭീതി വിതയ്ക്കുന്നു. പെരിങ്ങര പഞ്ചായത്ത് ഓഫീസിന് സമീപത്തെ കാട് നിറഞ്ഞ പുരയിടത്തിലാണ് ഇന്നലെ രാത്രി എട്ടുമണിയോടെ കുഞ്ഞുങ്ങൾ അടങ്ങുന്ന 15 ഓളം കാട്ടുപന്നിക്കൂട്ടത്തെ സമീപവാസികൾ കണ്ടത്. പടക്കം പൊട്ടിച്ച് ശബ്ദം ഉണ്ടാക്കിയതോടെ ഇവ ചിതറിയോടി. ഇവയിൽ ആറോളം കാട്ടുപന്നികൾ സമീപത്തെ പുരയിടത്തിൽ തന്നെ തങ്ങുകയാണ്. രാത്രി ഏറെ വൈകിയും സമീപവാസികൾ നടത്തിയ തെരച്ചിലിൽ ഏതാനും പന്നികളെ കണ്ടെത്താനായി. സമീപവാസികളിൽ ഒരാൾ ഇവയുടെ ദൃശ്യം മൊബൈലിൽ പകർത്തിയിരുന്നു. ബാക്കിയുള്ള പന്നിക്കൂട്ടം പഞ്ചായത്തിന് മുൻവശത്തുള്ള കാടുപിടിച്ച പുരയിടത്തിലേക്ക് രക്ഷപ്പെട്ടു. കാട്ടുപന്നികളുടെ ആക്രമണ ഭീതിയിലാണ് സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ള പ്രദേശവാസികൾ. പന്നിക്കൂട്ടം കൃഷി നശിപ്പിക്കും എന്ന രീതിയിൽ നിലനിൽക്കുന്നുണ്ട്. ഇവയെ കണ്ടെത്തി പിടികൂടുന്നതിനുള്ള നടപടികൾ വനംവകുപ്പ് അധികൃതർ അടിയന്തരമായി സ്വീകരിക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.