മലയിന്‍കീഴ് : കാട്ടാക്കട നിയോജക മണ്ഡലത്തിലെ വിളപ്പില്‍, മലയിന്‍കീഴ് പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍. പ്രദേശം ഐ.ബി.സതീഷ് എം.എല്‍.എ സന്ദര്‍ശിച്ചു. രണ്ടാഴ്ച മുന്‍പും ഈ പ്രദേശത്ത് പുലിയെ കണ്ടതായി ചിലര്‍ പറഞ്ഞിരുന്നെങ്കിലും പിന്നീട് പുലിയുടെ സാന്നിധ്യം ഉറപ്പുവരുത്തുന്ന യാതൊന്നും ഉണ്ടായില്ല.
ബുധനാഴ്ച രാത്രി എട്ടര മണിയോടെ മലയിന്‍കീഴ് മൂക്കംപാലമൂട് മഞ്ചാടി പ്രദേശത്താണ് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഐ.ബി.സതീഷ് എം.എല്‍.എ സ്ഥലം സന്ദര്‍ശിക്കുകയും ദൃക്സാക്ഷികളോട് വിവരങ്ങള്‍ ചോദിച്ചുമനസ്സിലാക്കുകയും ചെയ്തു. തുടര്‍ന്ന് വിഷയം വനംവകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. വനംവകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. പ്രദേശത്ത് ക്യാമറ സ്ഥാപിച്ച് പൂര്‍ണ്ണ സമയ നിരീക്ഷണം നടത്തും. ദൃശ്യങ്ങളില്‍ പുലി സാന്നിധ്യം ഉറപ്പായാല്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. പ്രദേശവാസികള്‍ ജാഗ്രതപാലിക്കണമെന്നും അസമയങ്ങളില്‍ ശബ്ദം കേട്ടാല്‍ വീടിനു പുറത്തിറങ്ങരുതെന്നും വളര്‍ത്ത് മൃഗങ്ങളുടെ സുരക്ഷ കൂടി നമ്മുടെ കൈയിലാണെന്നും എം.എല്‍.എ പറഞ്ഞു. വിളപ്പില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജുദാസ് എന്നിവര്‍ എം.എല്‍.എ യുടെ ഒപ്പമുണ്ടായിരുന്നു.