തിരുവനന്തപുരം: പിഎം ശ്രീയെ ചൊല്ലി എൽഡിഎഫിലെ പ്രതിസന്ധി അയയുന്നില്ല. പദ്ധതിയിൽ നിന്നും പിന്മാറുന്നതിന് കേന്ദ്രത്തിന് കത്തയക്കണമെന്നതിൽ ഉറച്ച നിലപാടിലാണ് സിപിഐ. ഇതിനിടെ, ഇപ്പോഴത്തെ പ്രശ്നങ്ങള്‍ അനാവശ്യ രാഷ്ട്രീയ വിവാദമെന്ന് വ്യക്തമാക്കി സിപിഎം മുഖപത്രമായ ദേശാഭിമാനിയിലും മറ്റു പത്രങ്ങളിലും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ലേഖനവും പ്രസിദ്ധീകരിച്ചു. ഇന്ന് പുറത്തിറക്കിയ പത്രങ്ങളിലാണ് ശിവൻകുട്ടിയുടെ ലേഖനമുള്ളത്. ചര്‍ച്ചയിൽ സിപിഐ തള്ളിയ വാദങ്ങളാണ് വിദ്യാഭ്യാസ മന്ത്രി ലേഖനത്തിൽ ആവര്‍ത്തിക്കുന്നത്. പിഎം ശ്രീ പദ്ധതിയുടെ ഭാഗമായാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്നും മന്ത്രി ലേഖനത്തിൽ വിശദീകരിക്കുന്നു. മതനിരപേക്ഷത ഉറപ്പിക്കും എന്നും കുട്ടികളുടെ പക്ഷത്ത് എന്ന തലക്കെട്ടോടെയാണ് ലേഖനം. കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും കരിക്കുലത്തിൽ കേന്ദ്രം മാറ്റം വരുത്തില്ലെന്നും അത്തരം പ്രചാരണം അവാസ്തവമാണെന്നും മറ്റു സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തിയെന്നും ഇതിനുശേഷമാണ് കേരളം പദ്ധതിയിൽ ഒപ്പുവെച്ചതെന്നും മതനിരപേക്ഷതയിൽ വെള്ളം ചേര്‍ക്കാൻ അനുവദിക്കില്ലെന്നും മന്ത്രി ലേഖനത്തിൽ പറയുന്നു.
അതേസമയം,പിഎം ശ്രീയിൽ കടുത്ത നിലപാട് തുടരുകയാണ് സിപിഐ. കരാറിൽ നിന്ന് പിന്മാറാതെ പറ്റില്ലെന്ന നിലപാടിലുറച്ച് എന്തിനും തയ്യാറായി നിൽക്കുകയാണ് സിപിഐ മന്ത്രിമാര്‍. ആദ്യ ഗഡു വാങ്ങിയശേഷം പദ്ധതിയിൽ നിന്ന് പിന്മാറുന്നുവെന്ന കത്ത് കേന്ദ്രത്തിന് നൽകാമെന്ന പുതിയ സമവായ നിര്‍ദേശവും ഉയരുന്നുണ്ട്. എന്നാൽ, ഇത് കേന്ദ്രം അംഗീകരിക്കില്ല.നാളത്തെ മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ വിട്ടുനിൽക്കും. അതേസമയം, മുഖ്യമന്ത്രി ഇടപെട്ടിട്ടും സിപിഐ വഴങ്ങാത്തതിൽ സിപിഎമ്മിലും അതൃപ്തിയുണ്ട്



