പാരിസ്: പാരിസ് ഒളിംപിക്സില്‍ വനിതകളുടെ അമ്ബെയ്ത്തില്‍ ഇന്ത്യൻ താരം ദീപിക കുമാരി ക്വാർട്ടർ ഫൈനലില്‍. ജർമ്മനിയുടെ മിഷേല്‍ ക്രോപ്പനെ 6-4 എന്ന പോയിന്റില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരം ക്വാർട്ടറില്‍ കടന്നത്.
ആദ്യ സെറ്റില്‍ 27-24ന് ദീപിക വിജയിച്ചു. ഇതോടെ രണ്ട് പോയിന്റ് ഇന്ത്യൻ താരം സ്വന്തമാക്കി. രണ്ടാം സെറ്റില്‍ ഇരുതാരങ്ങളും 27 സ്കോർ വീതം നേടി സമനില പാലിച്ചു. ഇതോടെ ഇരുതാരങ്ങള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. രണ്ട് സെറ്റ് പിന്നിട്ടപ്പോള്‍ 3-1ന് ദീപികയായിരുന്നു മുന്നില്‍ നിന്നത്. മൂന്നാം സെറ്റ് 27-26 എന്ന സ്കോറിന് വിജയിച്ച് ദീപിക പോയിന്റ് 5-1 ആക്കി ഉയർത്തി. എന്നാല്‍ നിർണായകമായ നാലാം സെറ്റില്‍ ജർമ്മൻ താരം തിരിച്ചുവന്നു. 27-29ന് ആദ്യമായി മിഷേല്‍ ഒരു സെറ്റ് വിജയിച്ചു. പോയിന്റ് നില 5-3 എന്നായി മാറുകയും ചെയ്തു. ശക്തമായ മത്സരത്തിനൊടുവില്‍ ഇരുതാരങ്ങളും ബോർഡില്‍ 26 സ്കോർ വീതം ചേർത്തു. ഇതോടെ ഇരുതാരങ്ങള്‍ക്കും ഒരു പോയിന്റ് വീതം ലഭിച്ചു. തുടർന്ന് 6-4 എന്ന പോയിന്റിന് ഇന്ത്യൻ താരം വിജയം നേടുകയായിരുന്നു.