ന്യൂഡല്‍ഹി: ഭീകരവാദികള്‍ക്ക് പിന്തുണ നല്കുന്ന പാകിസ്ഥാനെതിരെ വിദേശരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ ഇന്ത്യ അയ്ക്കുന്ന എംപിമാരുടെ പ്രതിനിധി സംഘത്തിന്റെ മുഴുവന്‍ ലിസ്റ്റ് പുറത്ത്. പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു ആണ് ഏഴ് ഗ്രൂപ്പുകളില്‍ ആയുള്ള 59 അംഗ സംഘത്തിന്റെ പേര് വിവരങ്ങള്‍ പങ്ക് വെച്ചത്. പ്രതിനിധി സംഘത്തിലെ ഒരു ഗ്രൂപ്പിനെ നയിക്കുന്നത് ശശി തരൂര്‍ ആണ്.
രവിശങ്കര്‍ പ്രസാദ് (ബി ജെ പി), സഞ്ജയ് കുമാര്‍ ഝാ (ജെ ഡി യു), ബൈജയന്ത് പാണ്ഡ (ബി ജെ പി), കനിമൊഴി (ഡി എം കെ), സുപ്രിയ സുലെ (എന്‍ സി പി), ശ്രീകാന്ത് ഏക്നാഥ് ഷിന്‍ഡെ (ശിവസേന) എന്നിവരാണ് മറ്റ് സംഘങ്ങളെ നയിക്കുന്നത്. ശശി തരൂരിന്റെ സംഘത്തില്‍ ശാംഭവി, സര്‍ഫ്രാസ് അഹമ്മദ്, ഹരീഷ് ബാലയോഗി, ശശാങ്ക് മണി ത്രിപാഠി, ഭുബനേശ്വര്‍ കലിത, മിലിന്ദ് മുരളി ദിയോറ, തേജസ്വി സൂര്യ എന്നിവരാണ് ഉള്ളത്. അമേരിക്ക, പനാമ, ഗയാന, ബ്രസീല്‍, കൊളംബിയ എന്നീ രാജ്യങ്ങളാണ് ഈ സംഘം സന്ദര്‍ശിക്കുക. ശശി തരൂരിനെ കൂടാതെ ജോണ്‍ ബ്രിട്ടാസ്, ഇടി മുഹമ്മദ് ബഷീര്‍, വി മുരളീധരന് എന്നീ എം പിമാരും വിവിധ പ്രതിനിധി സംഘത്തിന്റെ ഭാഗമാണ്. മുന്‍ കേന്ദ്രമന്ത്രി കൂടിയായ മുരളീധരന് സുപ്രിയ സുലെ നയിക്കും.
ശ്രീകാന്ത് ഏക്നാഥ് ഷിന്‍ഡെ നയിക്കുന്ന പ്രതിനിധി സംഘത്തിലാണ് മുസ്ലീം ലീഗ് എം പി ഇ ടി മുഹമ്മദ് ബഷീര്‍ ഉള്ളത്. യുഎഇ, ലൈബീരിയ, കോംഗോ, സിയാറ ലിയോണ്‍ എന്നീ രാജ്യങ്ങളാണ് ഈ പ്രതിനിധി സംഘം സന്ദര്‍ശിക്കുക. സഞ്ജയ് കുമാര്‍ ഝാ നയിക്കുന്ന പ്രതിനിധി സംഘത്തിലാണ് സി പി എം എം പി ജോണ്‍ ബ്രിട്ടാസ് ഉള്ളത്. ഇന്തോനേഷ്യ, മലേഷ്യ, കൊറിയ, ജപ്പാന്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലാണ് ഈ പ്രതിനിധി സംഘം എത്തുക.
ആഗോളതലത്തില്‍ ഭീകരതയോട് ഒരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാട് ഇന്ത്യ സ്വീകരിക്കുന്നു എന്ന് ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്താനാണ് പ്രതിനിധി സംഘങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അയയ്ക്കുന്നത്. ഈ പ്രതിനിധി സംഘം പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള ഇന്ത്യയുടെ തെളിവുകളും നിലപാടും വിദേശ സര്‍ക്കാരുകള്‍ക്കും അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്കും മുന്നില്‍ അവതരിപ്പിക്കും.
ആഗോളതലത്തില്‍ ഭീകരതയോട് ഒരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാട് ഇന്ത്യ സ്വീകരിക്കുന്നു എന്ന് ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്താനാണ് പ്രതിനിധി സംഘങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അയയ്ക്കുന്നത്. ഈ പ്രതിനിധി സംഘം പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള ഇന്ത്യയുടെ തെളിവുകളും നിലപാടും വിദേശ സര്‍ക്കാരുകള്‍ക്കും അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്കും മുന്നില്‍ അവതരിപ്പിക്കും. ഓരോ പ്രതിനിധി സംഘത്തിലും വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളെ കൂടാതെ പരിചയസമ്പന്നരായ നയതന്ത്രജ്ഞരും ഉള്‍പ്പെടുന്നു. 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യ ഓപ്പറേഷന് സിന്ദൂരിന്റെ കീഴില്‍ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ആക്രമണങ്ങള്‍ നടത്തിയത്.