ഇടുക്കി: ഇടുക്കി പരുന്തുംപാറയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് റവന്യൂ ഉദ്യോഗസ്ഥര്‍ പൊളിച്ചു മാറ്റി. തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് ആണ് കുരിശ് സ്ഥാപിച്ചത്. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന് അറിയിച്ചിരുന്നു. 15 ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രദേശത്ത് രണ്ടുമാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചതായും റവന്യൂ മന്ത്രി വ്യക്തമാക്കി.
ഈ മാസം രണ്ടാം തീയതിയാണ് പരുന്തുംപാറയിലെ കയ്യേറ്റ ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകാൻ ജില്ല കലക്ടർ പീരുമേട് എൽ ആർ തഹസിൽദാരെ ചുമതലപ്പെടുത്തിയത്. ഒപ്പം കയ്യേറ്റഭൂമിയിൽ പണികൾ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പരിശോധന നടത്താനും നിർദ്ദേശവും നൽകി. ഇത് പ്രകാരം പുരുന്തുംപാറയിൽ കൈയ്യേറ്റം നടത്തി കെട്ടിടങ്ങൾ പണിത തൃക്കൊടിത്താനം സ്വദേശി കൊട്ടാരത്തിൽ സജിത് ജോസഫിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇത് മറികടന്നാണ് കൈയ്യേറ്റ ഭൂമിയിൽ ഇയാൾ കുരിശ് സ്ഥാപിച്ചത്.



