പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര കുമ്പളത്താമണ്ണിൽ ഇറങ്ങിയ കടുവ കെണിയിൽ വീണു. നിരവധി വളർത്തു മൃഗങ്ങളെ കടുവ പിടികൂടിയിരുന്നു. ഇതിന് പിന്നാലെ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. അതേസമയം വയനാട് പുൽപ്പള്ളി ദേവർഗദ്ധ മേഖലയിൽ ഇറങ്ങിയ നരഭോജി കടുവയെ മഴക്കുവെടിവെച്ച് പിടികൂടും. ഇന്നലെ വൈകിട്ട് വീണ്ടും ജനവാസ മേഖലയിൽ കടുവ എത്തിയിരുന്നു. കടുവയെ പിടികൂടാൻ പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ കൂടുകൾ സ്ഥാപിക്കുമെന്നും വനം വകുപ്പ് അറിയിച്ചു. കടുവ കൂട്ടിൽ അകപ്പെട്ടില്ലെങ്കിൽ മയക്കുവെടി വെക്കാനുള്ള ടീമിനെയും സജ്ജമാക്കിയിടുണ്ട്. പ്രദേശത്ത് സ്ഥാപിച്ച ക്യാമറ ട്രാപ്പുകളിൽ പതിഞ്ഞ കടുവ കേരള വനം വകുപ്പിന്‍റെ ലിസ്റ്റിലുള്ള കടുവ അല്ലെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.കർണാടക വനത്തിൽ നിന്നും പിടികൂടിയ കടുവയാണിതെന്നും കർണാടക വനം വകുപ്പ് കേരള അതിർത്തിയിൽ കൊണ്ടിട്ടതാണെന്നും ആരോപിച്ച് സിപിഎം രംഗത്തെത്തി. കടുവ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങാൻ സാധ്യതയുള്ളതിനാൽ ശക്തമായ ജാഗ്രത നിർദേശമാണ് വനം വകുപ്പ് നൽകിയിട്ടുള്ളത്.



