Tuesday, December 23, 2025
No menu items!
Homeവാർത്തകൾ'പഞ്ചാബിഹൗസ്' പണിയിൽ അപാകത; ഹരിശ്രീ അശോകന് 17.83 ലക്ഷം നഷ്ടപരിഹാരം നൽകണം

‘പഞ്ചാബിഹൗസ്’ പണിയിൽ അപാകത; ഹരിശ്രീ അശോകന് 17.83 ലക്ഷം നഷ്ടപരിഹാരം നൽകണം

കൊച്ചി: സിനിമാതാരം ഹരിശ്രീ അശോകന്റെ ‘പഞ്ചാബിഹൗസ്’ എന്ന പേരിലുള്ള വീടിന്റെ നിർമാണ പ്രവർത്തനങ്ങളിൽ ഗുരുതരമായ പിഴവുകൾ വരുത്തിയ മൂന്ന് സ്ഥാപനങ്ങൾ ചേർന്ന് 17,83,641 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. 2014ലാണ് താരം എറണാകുളം ചെമ്പുമുക്കിൽ വീട് നിർമിച്ചത്.

വീടിന്റെ പണികൾ പൂർത്തിയായി നാലുവർഷം കഴിഞ്ഞപ്പോള്‍ തറയോടുകളുടെ നിറംമങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങുകയും വിടവുകളിൽക്കൂടി വെള്ളവും മണ്ണും ഉപരിതലത്തിലേക്ക് എത്തുകയും ചെയ്തു. 2018 ഫെബ്രുവരിയിൽ നോട്ടീസ് അയച്ചത് അടക്കം എതിർകക്ഷികളായ കമ്പനികളെ പലവട്ടം സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് അശോകൻ ഉപഭോക്തൃകോടതിയെ സമീപിച്ചത്.

എറണാകുളത്തെ പി കെ ടൈൽ സെന്റർ, കേരള എ ജി എൽ വേൾഡ് എന്നീ സ്ഥാപനങ്ങളിൽനിന്നാണ് ഇറക്കുമതി ചെയ്ത ഫ്ലോർ ടൈൽസ് അശോകൻ വാങ്ങിയത്. എൻ എസ് മാർബിൾ വർക്സിന്റെ ഉടമ കെ എ പയസിന്റെ നേതൃത്വത്തിലാണ് ടൈൽസ് വിരിക്കുന്ന പണികൾ നടന്നത്. ടൈലുകൾ വാങ്ങിയതിന് രേഖകൾ ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്നും ഉത്പപന്നത്തിന്റെ അപാകത സംബന്ധിച്ച് യാതൊരുവിധ തെളിവുകളുമില്ലെന്നും വാറന്റിയുമായി ബന്ധപ്പെട്ട രേഖകളൊന്നും പരാതിക്കാരന്റെ കൈവശം ഇല്ലെന്നും എതിർകക്ഷികൾ വാദിച്ചു. ടൈൽസ് വിരിച്ചത് തങ്ങളല്ലെന്നും അവർ വാദിച്ചു.

ഇൻവോയ്‌സും വാറന്റി രേഖകളും ടെസ്റ്റ് റിപ്പോർട്ടും നൽകാതെ ഉപഭോക്താവിനെ കബളിപ്പിക്കുകയും ഉപഭോക്തൃ സംരക്ഷണ നിയമം അനുശാസിക്കുന്ന അറിയാനുള്ള അടിസ്ഥാന അവകാശം ലംഘിക്കുകയും ചെയ്ത എതിർ കക്ഷികളുടെ പ്രവർത്തി അധാർമിക വ്യാപാര രീതിയുടെ നേർചിത്രമാണെന്ന് കോടതി നിരീക്ഷിച്ചു. ഉപഭോക്താവിനെ വ്യവഹാരത്തിന് നിർബന്ധിതനാക്കിയ എതിർകക്ഷികളുടെ പ്രവർത്തി ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഡി ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് അഭിപ്രായപെട്ടു.പരാതിക്കാരനുണ്ടായ നഷ്ടങ്ങൾക്കും ബുദ്ധിമുട്ടുകൾക്ക് രണ്ടാംഎതിർകക്ഷി 16,58,641 രൂപ നൽകണം. കൂടാതെ നഷ്ടപരിഹാരമായി എതിർകക്ഷികൾ ഒരു ലക്ഷം രൂപയും കോടതി ചെലവായി 25,000 രൂപയും ഒരു മാസത്തിനകം നൽകുവാനും കോടതി നിർദ്ദേശിച്ചു. പരാതിക്കാരനു വേണ്ടി അഡ്വ. ടി ജെ ലക്ഷ്മണ അയ്യർ ഹാജരായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments