മലപ്പുറം: നിലമ്പൂർ-ഷൊർണൂർ റെയിൽ പാതയിൽ പുതിയ രണ്ടു ട്രെയിൻ സർവിസ് തുടങ്ങാൻ ദക്ഷിണ റെയിൽവേ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് ശിപാർശ നൽകിയതായി ഇ.ടി. മുഹമ്മദ് ബഷീർ എം.പിക്ക് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് രേഖാമൂലം അറിയിപ്പ് നൽകി. ഈ റൂട്ടിൽ വൈദ്യുതീകരണം പൂർത്തീകരിച്ച് ട്രെയിനുകൾ ഓടിത്തുടങ്ങുകയും പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. നിലവിൽ സർവിസ് നടത്തുന്ന ട്രെയിനുകളിൽ അധിക കോച്ചുകൾ ഏർപ്പെടുത്താനും പദ്ധതിയുണ്ട്. മേലാറ്റൂർ, കുലുക്കല്ലൂർ ക്രോസിങ് സ്റ്റേഷനുകളുടെ നിർമാണവും അതിവേഗത്തിൽ പുരോഗമിക്കുന്നുണ്ട്.



