എറണാകുളം: നവീകരിച്ച എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഉദ്ഘാടനം ഇന്ന്. ഉദ്ഘാടനം ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറും ഡിപ്പോയുടെ പുതിയ കെട്ടിടം ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലും നാടിന് സമർപ്പിക്കും. വെള്ളക്കെട്ട് ഒഴിവാക്കിയും ശീതികരിച്ച വിശ്രമമുറിയടക്കം ഒരുക്കി കാലാനുസൃതമായ മുഖം മിനുക്കിയാണ് കെഎസ്ആർടിസി കെട്ടിടം നവീകരണത്തോടെ നാടിന് സമർപ്പിക്കുന്നത്.
രണ്ടുകോടിയോളം രൂപ ചിലവിട്ട് നവീകരണം പൂർത്തിയാക്കിയ ബസ് സ്റ്റേഷനും 12 കൂടി ചെലവിട്ട് നിർമ്മിക്കുന്ന പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡുമാണ് ജനങ്ങൾക്ക് തുറന്ന് നൽകുന്നത്. വെള്ളക്കെട്ട് ഒഴിവാക്കാൻ സ്റ്റാൻഡിന്റെ തറനിരപ്പ് രണ്ടടിയോളം ഉയർത്തിയും തറയിൽ ടൈൽ വിരിച്ചുമാണ് നവീകരണം പൂർത്തിയാക്കിയത്.
സ്വീകരിച്ച വിശ്രമമുറിയും പുതിയ ഇരിപ്പിടങ്ങളും വൈദ്യുതിവിളക്കുകളും നവീകരിച്ചെടുത്ത കെഎസ്ആർടിസി ബിൽഡിംഗിൽ ഒരുക്കിയിട്ടുണ്ട്. പൂന്തോട്ടം വായനാമുറി എന്നിവയും നവീകരിച്ച ബസ് സ്റ്റാൻഡിന്റെ പ്രധാന ആകർഷമാണ്. സൗത്ത് റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ഗ്യാരേജ് ഭാഗത്ത് അഞ്ചേക്കറിലാണ് പുതിയ കെഎസ്ആർടിസി സ്റ്റാൻഡ് ഒരുങ്ങുന്നത്.



