കൊച്ചി: നവീകരണശേഷം ചങ്ങമ്പുഴ പാർക്ക് ആഗസ്തിൽ തുറക്കാൻ തയ്യാറാകുന്നു. കൊച്ചിൻ സ്മാർട്ട്മിഷൻ ലിമിറ്റഡിന്റെ (സിഎഎംഎൽ) 4.24 കോടി രൂപ ഉപയോഗിച്ച് ജിസിഡിഎയുടെ നേതൃത്വത്തിലാണ് പ്രവൃത്തികൾ നടക്കുന്നത്. പ്രദേശത്ത് വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കുന്ന തരത്തിലാണ് പുനരുദ്ധാരണം. റോഡ് നിരപ്പിൽനിന്ന് 30 സെന്റീമീറ്റർ ഉയരത്തിൽ ഭൂനിരപ്പ് തയ്യാറാക്കി പാർക്കിന് ചുറ്റും വെള്ളംപോകാനുള്ള സംവിധാനം ഒരുക്കും. നടപ്പാതയോടു ചേർന്ന് കാന നിർമിക്കും.
ഗ്രാനൈറ്റ് വിരിച്ചാണ് നടപ്പാത തയ്യാറാക്കിയത്. പാർക്കിലെ വൃക്ഷങ്ങൾ പരമാവധി നിലനിർത്തി. ഗാർഡൻ ബെഞ്ചുകളും നിർമിച്ചു. പാർക്കിലെ ഓഡിറ്റോറിയം കൂടുതൽ കലാസ്വാദകരെ ഉൾക്കൊള്ളിക്കാവുന്ന തരത്തിൽ വിപുലമാക്കി. ചുറ്റും തൂണുകൾ നൽകി പ്ലാറ്റ്ഫോം നിർമിച്ച് ബാൽക്കണി ഒരുക്കി. സ്റ്റേജിന്റെ ഉയരവും വർധിപ്പിച്ചു. മേൽക്കൂരയും സീലിങ്ങും ഭംഗിയാക്കി. പുറമെ നിന്നുള്ള ശബ്ദങ്ങൾ ഓഡിറ്റോറിയത്തിലേക്ക് കടക്കാതിരിക്കാൻ സൗണ്ട് പ്രൂഫ് ചുവരുകൾ സ്ഥാപിച്ചു. ചുവരിനിരുവശവും മഹാകവി ചങ്ങമ്പുഴയുടെ പ്രസിദ്ധമായ കവിതാശകലങ്ങൾ കൊത്തിവയ്ക്കും. പാർക്കിന് മധ്യേ ആംഫി തിയറ്റർ സ്ഥാപിച്ചു.
സ്റ്റേജിന് പിൻവശം മനോഹരമായ വാട്ടർ ഫൗണ്ടനും ഒരുക്കുന്നുണ്ട്. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി ഭിന്നശേഷിസൗഹൃദ ശുചിമുറി നിർമിച്ചു. ചങ്ങമ്പുഴയുടെ മനോഹരമായ ശിൽപ്പം പാർക്കിന്റെ നടുമുറ്റത്ത് സ്ഥാപിക്കും. കൂടുതൽ ലൈറ്റ് സൗകര്യങ്ങളും ഓഡിറ്റോറിയത്തിൽ ഇൻഡസ്ട്രിയൽഫാൻ സൗകര്യവും ഒരുക്കുന്നുണ്ട്. കുട്ടികൾക്കായി കളിസ്ഥലവും ഉപകരണങ്ങളും സ്ഥാപിക്കുന്നതിനൊപ്പം ഓപ്പൺ ജിം സൗകര്യവും സജ്ജമാക്കുന്നുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ടാണ് രൂപരേഖ തയ്യാറാക്കിയത്.



