തൊടുപുഴ: ചുറ്റും വനം, ദുർഘടമായ വഴി, കിലോമീറ്ററോളം കാൽ നട യാത്ര, ഒപ്പം വന്യ മൃഗ സാന്നിധ്യവും. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് 56 പോളിങ് ഉദ്യോഗസ്ഥർ സംസ്ഥാനത്തെ ഏക പട്ടികവര്‍ഗ ഗ്രാമപഞ്ചായത്തായ ഇടുക്കി ജില്ലയിലെ ഇടമലക്കുടിയിലെ പോളിങ്ങ് ബൂത്തുകളിലെത്തി. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ രണ്ട് സ്ത്രീകളടക്കമുള്ള സംഘമാണ് മൂന്നാർ ജി.വി.ച്ച്.എസ്.എസിൽ നിന്ന് ഇടമലക്കുടിയിലേക്ക് പുറപ്പെട്ടത്. പോളിങ് സാമഗ്രികൾക്കൊപ്പം ബ്രഡ്, പഴം, ബിസ്ക്കറ്റ്, അച്ചാർ, പപ്പടം തുടങ്ങിയ ഭക്ഷണ സാധനങ്ങളും കൂടി എടുത്താണ് ഇവർ വണ്ടി കയറിയത്. രണ്ട് ഓഫ് റോഡ് വാഹനങ്ങളാണ് ഇവർക്കായി ജില്ലാ ഭരണ കൂടം ഒരുക്കിയിരുന്നത്. വൈകുന്നേരം ആറ് മണിയോടെയാണ് ഇവർ കുടികളിലെത്തിയത്. മൂന്നാറിൽ നിന്ന് പെട്ടിമുടി വഴിയാണ് ഇവർ പുറപ്പെട്ടത്. കുടികളിൽ ചിലയിടങ്ങളിൽ കാട്ടാന ശല്യം ഉള്ളതിനാൽ വനം വകുപ്പിന്‍റെ ദ്രുത കർമ്മ സേനയും രണ്ട് പൊലീസുകാരും ഓരോ ബൂത്തിലും നിലയുറപ്പിച്ചിട്ടുണ്ട്. വന മേഖലയായതിനാലാണ് ഭക്ഷണ സാമഗ്രികളടക്കം മൂന്നാറിൽ നിന്ന് കൊണ്ട് പോകേണ്ട സാഹചര്യം ഉണ്ടായത്. ആനയുടെ സാന്നിധ്യം ഉണ്ടായാൽ ബൂത്തിന് സമീപം തീ കത്തിക്കുന്നതിനുള്ള സംവിധാനവും ശബ്ദം കേൾപ്പിച്ച് ഭയപ്പെടുത്താനുള്ള സംവിധാനവും ഉദ്യോഗസ്ഥർ കരുതിയിട്ടുണ്ട്. ചൊവ്വാഴ്ച പോളിങ്ങ് നടപടികൾ പൂർത്തിയായാലും മടക്കയാത്ര യാത്ര ദുഷ്കരമായതിനാൽ ബുധനാഴ്ച രാവിലെ മാത്രമേ കുടികളിൽ നിന്ന് ഇവർ മൂന്നാറിലേക്ക് വരൂ. 14 ബൂത്തുകളിലായി ആകെ 1803 വോട്ടര്‍മാരും 41 സ്ഥാനാർഥികളുമാണ് ഇടമലക്കുടിയിലുള്ളത്.



