ദക്ഷിണ റെയിൽവേയിൽ 14 ജോഡി ട്രെയിനുകളിൽ ജനറൽ കോച്ചുകൾ വർധിപ്പിക്കുന്നു. ഇതിൽ ആറ് ജോഡി വണ്ടികൾ കേരളത്തിലൂടെ സർവീസ് നടത്തുന്നവയാണ്. മാർച്ച് മാസം മുതൽ ഇത് പ്രാബല്യത്തിൽ വരും. 1-2 കോച്ചുകളാണ് കൂടുതലായി ഘടിപ്പിക്കുന്നത്. ദീർഘദൂര ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം നാലായി വർധിപ്പിക്കാനുള്ള നയം കൂടുതൽ ട്രെയിനുകളിലേക്ക് വ്യാപിപ്പിക്കുമെന്നതിന്റെ സൂചനയാണിത്. കോവിഡിന് ശേഷം കുറച്ച ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമാണിത്. ട്രെയിനുകളിൽ മുന്നിലും പിന്നിലുമായി രണ്ട് വീതം (ആകെ നാല്) ജനറൽ കോച്ചുകൾ ഉണ്ടാകും.
പുതുച്ചേരി-മംഗളൂരു എക്സ്പ്രസ്, ചെന്നൈ-പാലക്കാട് സൂപ്പർഫാസ്റ്റ്, ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ്, ചെന്നൈ-ആലപ്പുഴ സൂപ്പർഫാസ്റ്റ്, കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി എക്സ്പ്രസ്, എറണാകുളം-വേളാങ്കണ്ണി എക്സ്പ്രസ് എന്നിവയിൽ നാല് ജനറൽ കോച്ചുകൾ വീതം ഉണ്ടാകുമെന്നും റിപ്പോർട്ട്.



