മലയിന്‍കീഴ് : തെരുവുവിളക്കുകളുണ്ട്. പക്ഷേ സന്ധ്യയായാല്‍ ചിലത് കത്തും ചിലത് കത്തില്ല. മലയിന്‍കീഴ് പാപ്പനംകോട് റോഡില്‍ ആല്‍ത്തറ ജങ്ഷനില്‍ നിന്നും കുരിയോട് ഭാഗത്തേയ്ക്കു പോകുന്ന റോഡിലാണ് തെരുവുവിളക്കുകള്‍ നോക്കുകുത്തിയാകുന്നത്. സന്ധ്യയായാല്‍ കൈയില്‍ ടോര്‍ച്ചില്ലാതെ ഈ റോഡിലൂടെ നടക്കാന്‍ കഴിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
നൂറോളം കുടുംബങ്ങളാണ് ആല്‍ത്തറ കുരിയോട് റോഡിലൂടെ ദിനംപ്രതി യാത്ര ചെയ്യുന്നത്. നിരവധി സ്ഥലങ്ങളിലേയ്ക്ക് പോകാവുന്ന ഒരു ഇടറോഡു കൂടിയാണിത്. തെരുവുവിളക്കുകള്‍ കത്താത്തതു കാരണം സന്ധ്യയായാല്‍ ഇവിടം സമൂഹവിരുദ്ധരുടെ താവളവുമാണെന്നും പഞ്ചാത്ത് അധികൃതരോട് നിരവധി തവണ പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. തെരുവുവിളക്കുകള്‍ കത്താത്ത ഭാഗങ്ങളില്‍ വാഹനങ്ങള്‍ കൊണ്ട് പാര്‍ക്ക് ചെയ്യുന്നത് അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. അടിയന്തിരമായി ആല്‍ത്തറ കുരിയോട് റോഡിലെ തെരുവുവിളക്കുകള്‍ എല്ലാം പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള നടപടി അധികൃതര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



