തിരുവമ്പാടി: ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ തിരുവമ്പാടിയിലെ ഭക്ഷണസാധനങ്ങൾ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന കർശനമാക്കി.
ലൈസൻസ്, ഹെൽത്ത് കാർഡ്, കുടിവെള്ള പരിശോധന റിപ്പോർട്ട് , എന്നിവ ഹാജരാക്കാത്തതും ശുചിത്വ മാനദണ്ഡങ്ങളും പുകയില നിയന്ത്രണ നിയമവും പാലിക്കാത്തതുമായ 4 സ്ഥാപനങ്ങൾക്ക് പിഴയും 6 സ്ഥാപനങ്ങൾക്ക് നിയമപരമായ നോട്ടീസും നൽകി.
പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, എസ് എം അയന, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ ഷാജു, കെ ബി ശ്രീജിത്ത്,പി പി മുഹമ്മദ് ഷമീർ, യു കെ മനീഷ ,ശരണ്യ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ കൂടി വരുന്ന പ്രത്യേക സാഹചര്യത്തിൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതും മറ്റ് നിയമലംഘനങ്ങൾ നടത്തുന്നതുമായ സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ അറിയിച്ചു.