Wednesday, November 26, 2025
No menu items!
Homeവാർത്തകൾതദ്ദേശ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്നുമുതല്‍; അപേക്ഷിക്കേണ്ട വിധം മനസ്സിലാക്കാം

തദ്ദേശ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്നുമുതല്‍; അപേക്ഷിക്കേണ്ട വിധം മനസ്സിലാക്കാം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്നു മുതല്‍ ആരംഭിക്കും. ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിയോഗിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിന്റെ ശരിപകര്‍പ്പ് സഹിതം നിശ്ചിത ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. ത്രിതലപഞ്ചായത്തുകളില്‍ മൂന്ന് ബാലറ്റുകളും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയിലേയ്ക്ക് ഓരോ ബാലറ്റുമാണ് നല്‍കേണ്ടത്.

പോളിങ് ഡ്യൂട്ടിയുള്ള സമ്മതിദായകരുടെ തപാല്‍ വോട്ടിനുള്ള അപേക്ഷ കൃത്യമായി സ്വീകരിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്ന ജീവനക്കാരെ അവരുടെ ഡ്യൂട്ടി നിര്‍വചിച്ചും അതിലേക്ക് നിയോഗിച്ചും കൊണ്ട് ബന്ധപ്പെട്ട ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാ പൊലീസ് മേധാവികള്‍, വരണാധികാരികള്‍, ഉപവരണാധികാരികള്‍ എന്നിവര്‍ യഥാസമയം ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

പോസ്റ്റൽ ബാലറ്റ് ലഭിക്കാൻ അർഹതയുള്ളവർ

പോളിങ് സ്‌റ്റേഷനിൽ പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഓഫീസർമാർക്ക് പുറമെ, പോളിങ് ദിവസം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിലെ മുഴുവൻ ജീവനക്കാർക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസിലെയും പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലെയും ഇലക്ഷൻ വിഭാഗം ജീവനക്കാർക്കും വരണാധികാരി, ഉപവരണാധികാരി എന്നിവരുടെ ഓഫീസുകളിലെ ഇലക്ഷൻ വിഭാഗം ജീവനക്കാർക്കും നിരീക്ഷകർക്കും സെക്ടറൽ ഓഫീസർമാർ, ആന്റി ഡീഫെയ്‌സ്‌മെൻറ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥർ, തെരഞ്ഞെടുപ്പ് സുരക്ഷാ ചുമതലകളിൽ നിയോഗിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കും പോസ്റ്റൽ ബാലറ്റ് പേപ്പർ ലഭിക്കാൻ അർഹതയുണ്ട്.

പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കാം

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വോട്ടർമാർ പോസ്റ്റ‌ൽ ബാലറ്റിനായി ഫാറം 15 ൽ ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നൽകണം. അപേക്ഷ ഫാറം വരണാധികാരിയുടെ ഓഫീസിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ് സൈറ്റിലും (https://sec.kerala.gov.in/) ലഭിക്കും. അപേക്ഷ ബന്ധപ്പെട്ട വരണാധികാരികൾക്ക് വോട്ടെടുപ്പിന് ഏറ്റവും കുറഞ്ഞത് ഏഴ് ദിവസം മുൻപോ, അല്ലെങ്കിൽ വരണാധികാരിക്ക് അനുവദിക്കാവുന്ന കുറഞ്ഞ കാലാവധിക്ക് മുൻപോ ലഭിക്കത്തക്കവിധം അയക്കുകയോ, നേരിട്ട് നൽകുകയോ ചെയ്യാം. നേരിട്ട് നൽകുമ്പോൾ അപേക്ഷകൻ സ്വന്തം ഐഡന്റിറ്റി വരണാധികാരിയെ ബോധ്യപ്പെടുത്തിയിരിക്കണം.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് അതിന്റെ ഓരോ വരണാധികാരിക്കും പ്രത്യേകം അപേക്ഷകൾ നൽകണം. മൂന്ന് അപേക്ഷകളും ഒരു കവറിലാക്കി നൽകിയാൽ മതി. എല്ലാ തലത്തിലെയും പോസ്റ്റൽ ബാലറ്റിനായി മൂന്ന് വരണാധികാരികൾക്കുമുള്ള ഫാറം 15 ലെ മൂന്ന്അപേക്ഷകളും ഒരു കവറിലാക്കി ഏതെങ്കിലും ഒരു വരണാധികാരിക്ക് നൽകിയാലും മതി. ത്രിതല പഞ്ചായത്തുകളിലേക്കുള്ള അപേക്ഷകൾ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഒന്നിച്ചാണ് പരിഗണിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ബാലറ്റ് അയക്കുന്നത് ചുമതലപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്കാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments