കൊച്ചി: സംസ്‌ഥാനമെമ്പാടും നടന്നുവരുന്ന ഡിജിറ്റല്‍ ഭൂസര്‍വേ അതിവേഗം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി. വഖഫ് ഭൂമി തര്‍ക്കം പോലുള്ള വിഷയങ്ങള്‍ സംസ്‌ഥാനത്തിന്റെ പല ഭാഗത്തും ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണിത്.
പദ്ധതി ഇഴഞ്ഞുനീങ്ങുന്നതിനിടെ റവന്യു, വനം, ഐ.ടി, ലാന്‍ഡ് റെക്കോഡ്‌സ് തുടങ്ങി എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ സര്‍വേ പൂര്‍ത്തിയാക്കണം. ഒരോ വകുപ്പും അവരുടെ കൈവശമുള്ള രേഖകള്‍ സര്‍വേവകുപ്പിനു കൈമാറണം. ഇതുവഴി അപേക്ഷകളും പരാതികളും വേഗത്തില്‍ തീര്‍പ്പാക്കാം. റവന്യു, രജിസ്‌ട്രേഷന്‍, സര്‍വേ വകുപ്പുകളുടെ സേവനം ഒറ്റ പോര്‍ട്ടല്‍ വഴി സുതാര്യമായി ലഭ്യമാക്കും. ഭൂമി സംബന്ധിച്ച വിവരങ്ങളുടെ അപ്‌ഡേഷന്‍ എളുപ്പത്തില്‍ സാധ്യമാകുന്നതോടെ ഭൂതര്‍ക്കങ്ങള്‍ പരമാവധി ഒഴിവാകും.
ഭൂമി തട്ടിപ്പും വനം കൈയേറ്റവും സംബന്ധിച്ചു നിരവധി പരാതികള്‍ സര്‍ക്കാരിനു ലഭിക്കുന്നുണ്ട്. ഇതിനു പരിഹാരം കാണണമെങ്കില്‍ ഡിജിറ്റല്‍ ഭൂസര്‍വേ മാത്രമാണു പ്രതിവിധിയെന്നാണു സര്‍ക്കാരിന്റെ വിലയിരുത്തല്‍. 2022 ലാണു കേന്ദ്ര സര്‍ക്കാര്‍ ഡിജിറ്റല്‍ സര്‍വേ പദ്ധതി പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍, കൊല്ലം ജില്ലയിലെ കിളിക്കൊല്ലൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്‌ഥാനത്തില്‍ നടത്തിയ ഡിജിറ്റല്‍ ഭൂസര്‍വേ വിജയകരമായതിനെ തുടര്‍ന്നാണു സംസ്‌ഥാനത്താകെ വ്യാപിപ്പിക്കാന്‍ റവന്യു വകുപ്പ് തീരുമാനിച്ചത്.
കേരളത്തിലെ 20 ശതമാനം വരുന്ന ഭൂപ്രദേശം ഡ്രോണ്‍ ഉപയോഗിച്ചും, ബാക്കി സ്‌ഥലങ്ങള്‍ കോര്‍സ് ആര്‍.ടി.കെ., റോബോട്ടിക്‌സ് ഇ.ടി.എസ്. ഉപയോഗിച്ചുമാണു സര്‍വേ. ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായ റവന്യു വില്ലേജുകളിലെ സബ് ഡിവിഷന്‍ അടിസ്‌ഥാനത്തിലുള്ള സര്‍വേ ഭൂപടങ്ങള്‍ സര്‍വേ വകുപ്പ് തയാറാക്കിയ എന്റെ ഭൂമി പോര്‍ട്ടലില്‍നിന്നു നേരിട്ടു കൈമാറാം.



