കൊച്ചി: ട്രാന്‍സ്ജെൻഡർ ദമ്പതികളുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കൾ’ (Parents) എന്നു രേഖപ്പെടുത്താൻ അനുമതി നൽകി ഹൈക്കോടതി. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് അച്ഛനും അമ്മയും എന്നത് ഒഴിവാക്കണമെന്നും ജസ്റ്റിസ് എ.എ സിയാദ് റഹ്മാൻ ഉത്തരവിട്ടു. കോഴിക്കോട് സ്വദേശികളായ ട്രാൻസ്ജെൻഡർ ദമ്പതികൾ സഹദിന്റെയും സിയാ പവലിന്റെയും ഹർജിയിലാണ് കോടതിയുടെ നിർദേശം വന്നിരിക്കുന്നത്. 2023 ഫെബ്രുവരിയിലാണ് ഇവർക്ക് കുഞ്ഞ് ജനിക്കുന്നതും രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ രക്ഷിതാക്കളായി ഇവർ മാറുന്നതും.
ജനന സർട്ടിഫിക്കറ്റിൽ ഇപ്പോഴുള്ള അച്ഛനും അമ്മയും എന്നതിന് പകരം രക്ഷിതാക്കൾ എന്ന് മാറ്റി പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. 1999ലെ കേരള രജിസ്ട്രേഷൻ ഓഫ് ബെർത്ത് ആൻഡ് ഡെത്ത് റൂൾസിലെ 12ാം വകുപ്പ് അനുസരിച്ചാണ് കോഴിക്കോട് കോർപ്പറേഷൻ കുഞ്ഞിന്റെ മാതാപിതാക്കളായി ഇരുവരുടെയും പേര് നൽകിയത്. പിതാവിന്റെ സ്ഥാനത്ത് സിയാ പവലിന്റെയും മാതാവിന്റെ സ്ഥാനത്ത് സഹദിന്റെയും പേരാണ് ജനന സർട്ടിഫിക്കറ്റിൽ ഉണ്ടായിരുന്നത്.