Sunday, December 21, 2025
No menu items!
Homeവാർത്തകൾജപ്പാനിൽ വീണ്ടും ശക്തമായ ഭൂചലനം; ഹൊക്കൈഡോയിൽ 6.5 തീവ്രത രേഖപ്പെടുത്തി

ജപ്പാനിൽ വീണ്ടും ശക്തമായ ഭൂചലനം; ഹൊക്കൈഡോയിൽ 6.5 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി: ജപ്പാനിലെ വടക്കൻ മേഖലയെ വീണ്ടും വിറപ്പിച്ച് ശക്തമായ ഭൂചലനം. ബുധനാഴ്ച ഹൊക്കൈഡോ മേഖലയിലാണ് റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (EMSC) അറിയിച്ചു.
വടക്കുകിഴക്കൻ ജപ്പാനിൽ തിങ്കളാഴ്ച രാത്രി വൈകി 7.5 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനത്തിന് 48 മണിക്കൂറിനുള്ളിലാണ് വീണ്ടും പ്രകമ്പനമുണ്ടായിരിക്കുന്നത്. 57 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ഇതുവരെ വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ തുടർചലനങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അടിയന്തര വിഭാഗങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

തിങ്കളാഴ്ച രാത്രി 11.15-ഓടെ അയോമോരി പ്രിഫെക്ചറിന് സമീപം 54 കിലോമീറ്റർ ആഴത്തിൽ അനുഭവപ്പെട്ട 7.5 തീവ്രതയുള്ള ഭൂചലനം വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്. ഇതേത്തുടർന്ന് ഹൊക്കൈഡോ, അയോമോരി, ഇവാറ്റെ എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. മൂന്ന് മീറ്റർ വരെ ഉയരമുള്ള തിരമാലകൾ അടിച്ചേക്കുമെന്നായിരുന്നു അധികൃതരുടെ മുന്നറിയിപ്പ്.

എന്നാൽ പിന്നീട് 20 മുതൽ 70 സെന്റിമീറ്റർ വരെ മാത്രം ഉയരമുള്ള തിരമാലകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ചൊവ്വാഴ്ച പുലർച്ചയോടെ ജപ്പാൻ കാലാവസ്ഥാ ഏജൻസി (JMA) സുനാമി മുന്നറിയിപ്പ് പിൻവലിച്ചു.

അയോമോരിയിലെ പല ഭാഗങ്ങളിലും പ്രകമ്പനം ശക്തമായിരുന്നു. ഹാച്ചിനോഹെ നഗരത്തിൽ ജപ്പാനിലെ സീസ്മിക് ഇന്റൻസിറ്റി സ്കെയിലിൽ “അപ്പർ 6” (Upper 6) രേഖപ്പെടുത്തി. നിൽക്കാൻ പോലും കഴിയാത്തതും ഭാരമേറിയ ഫർണിച്ചറുകൾ മറിഞ്ഞുവീഴുന്നതുമായ തീവ്രതയാണിത്.

തിങ്കളാഴ്ചത്തെ ഭൂചലനത്തിൽ ഏഴ് പേർക്ക് പരിക്കേറ്റതായി പ്രധാനമന്ത്രി സനേ തകൈച്ചി (Sanae Takaichi) സ്ഥിരീകരിച്ചു. ആരുടെയും നില ഗുരുതരമല്ല. ഈസ്റ്റ് ജപ്പാൻ റെയിൽവേ ട്രെയിൻ സർവീസുകൾ താത്കാലികമായി നിർത്തിവെക്കുകയും നൂറുകണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം തടസ്സപ്പെടുകയും ചെയ്തു. എന്നാൽ, പ്രദേശത്തെ ആണവനിലയങ്ങളിൽ തകരാറുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്.

അപകടസാധ്യത ഇനിയും ഒഴിഞ്ഞിട്ടില്ലെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. 20,000-ത്തോളം പേരുടെ മരണത്തിനിടയാക്കിയ 2011 മാർച്ചിലെ 9.0 തീവ്രതയുള്ള ഭൂചലനത്തിന്റെയും സുനാമിയുടെയും ഓർമ്മകൾ നിലനിൽക്കെയാണ് ജപ്പാനെ വീണ്ടും മുൾമുനയിലാക്കി തുടർച്ചയായ ഭൂചലനങ്ങൾ ഉണ്ടായിരിക്കുന്നത്.
ഭൂചലനങ്ങൾക്കും അഗ്നിപർവ്വത സ്ഫോടനങ്ങൾക്കും പേരുകേട്ട പസഫിക് “റിംഗ് ഓഫ് ഫയറിലാണ്” ജപ്പാൻ സ്ഥിതി ചെയ്യുന്നത്. ലോകത്ത് 6-ലോ അതിൽ കൂടുതലോ തീവ്രതയുള്ള ഭൂചലനങ്ങളിൽ 20 ശതമാനവും നടക്കുന്നത് ജപ്പാനിലാണെന്ന യാഥാർത്ഥ്യം അടിവരയിടുന്നതാണ് ഈ ആഴ്ചയിലെ തുടർച്ചയായ പ്രകമ്പനങ്ങൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments