ചെങ്ങമനാട്: തെരുവുമക്കളുടെ ആശ്രയവും അത്താണിയുമായ ജനസസേവ ശിശുഭവന് പ്രവര്‍ത്തനങ്ങളുടെ 25 വര്‍ഷങ്ങള്‍ പിന്നിട്ടു. ജനസേവയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ പത്മശ്രീ ഡോ. ടോണി ഫെര്‍ണാണ്ടസ് ഉത്ഘാടനം ചെയ്തു. ആലുവ ഐ.എം.എ. ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ലളിതമായ ചടങ്ങില്‍ നിരവധി പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു. തെരുവിലെ യാതനകളിലും പീഢനങ്ങളിലും ഉഴറി ഒരുപക്ഷേ ജീവിതം നശിച്ചുപോകേണ്ടിയിരുന്നവരും ക്രിമിനല്‍ സംഘങ്ങളില്പെട്ട് സാമൂഹ്യ വിരുദ്ധരാകേണ്ടിയിരുന്നവരുമായ ജനസേവ മക്കളിലെ ആദ്യ ബാച്ചുകാര്‍ കുടുംബസമേതം അവരുടെ മക്കളുമായെത്തി ആഘോഷങ്ങളില്‍ പങ്കുകൊണ്ടു. അവരായിരുന്നു സമ്മേളനത്തിലെ ശ്രദ്ധാകേന്ദ്രം.
പ്രസിഡന്റ് അഡ്വ. ചാര്‍ളിപോളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജൂബിലി സമ്മേളനത്തില്‍ ജനസേവ സ്ഥാപകനും ചെയര്‍മാനുമായ ജോസ് മാവേലി നാളിതുവരെയുള്ള പ്രവര്‍ത്തന നിരൂപണം നടത്തി. പ്രത്യേക മതത്തിന്റെയോ രാഷ്ട്രീയ സംഘടനകളുടെയോ പിന്‍ബലമില്ലാതെ പ്രവര്‍ത്തിക്കുന്ന ജനസേവ ശിശുഭവന് നിരവധി പ്രതിസന്ധികളെ തരണംചെയ്താണ് ഇന്നത്തെ നിലയിലെത്തിയിട്ടുള്ളതെന്നും ജനസേവയുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ടവരും സ്വാര്‍ത്ഥമതികളായ പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അവരുടെ കഴിവിനൊത്ത് പരിശ്രമിച്ചിട്ടും അധികാര ദുര്‍വിനിയോഗം നടത്തി ജനസേവയെ പലവിധത്തില്‍ തളച്ചിട്ടും അവയെല്ലാം അതിജീവിച്ചാണ് പാവപ്പെട്ട, നിരാലംബരായ പൈതങ്ങളുടെ ആശ്രയ കേന്ദ്രമായി ജനസേവ ഇന്നും നിലകൊള്ളുന്നതെന്ന് അദ്ദേഹം ഓര്‍മ്മിച്ചെടുക്കുന്നു. കള്ളക്കേസില്‍ കുടുക്കി തന്നെ ജയിലിടച്ചതിലും വേദന ആരോരുമില്ലാതിരുന്ന, ശാന്തരായി പഠിച്ചുവളര്ന്നിരുന്ന അവസാന ബാച്ചുകാരായ കുട്ടികളെ ജനസേവയില്നിന്നും അധികാരികള്‍ ചിതറിച്ച് കളഞ്ഞപ്പോഴാണ് തനിക്കുണ്ടായതെന്ന് അദ്ദേഹം നെടുവീര്‍പ്പെട്ടു.
ഡോ. വര്‍ഗീസ് ജോര്‍ജ്, ഡോ. സി.എം. ഹൈദരാലി, ഡോ. പോള്‍ മുണ്ടാടന്‍, എ.എസ്. ഉദയകുമാര്‍, ക്യാപ്റ്റന്‍ എസ്.കെ. നായര്‍, ചിന്നന് പൈനാടത്ത്, പി.എ. ഹംസകോയ, എം.എം. ജേക്കബ്, കെ.ജെ. ജോസഫ്, ജാവന് ചാക്കോ, എം. എന്‍. സത്യദേവന്, അബ്ദുള്‍ അസീസ്, ഡോ. ഫ്രഡ്ഡി ടി. സൈമണ്‍, അഡ്വ. ടി. ഇ. ഇസ്മയില്‍, കെ. ജയപ്രകാശ്, വി.റ്റി. ചാര്‍ളി, ജോസഫ് പുതുശ്ശേരി, ഇന്ദിരാ ശബരിനാഥ്, ലൂക്ക എം.ജെ., പി.സി. കുഞ്ഞുമോന് തുടങ്ങിയവര്‍ പ്രസംഗിച്ചു.



