സിംഗപ്പൂർ: 18-ാമത് ലോക ചെസ് ചാമ്ബ്യൻ പട്ടം ഡി.ഗുകേഷ് ഏറ്റുവാങ്ങി. സിംഗപ്പൂരിൽ ഇന്ന് നടന്ന സമാപന സമ്മേളനത്തിൽ ലോകചാമ്ബ്യൻ മെഡലും ട്രോഫിയും ലോക ചെസ് ഫെഡറേഷൻ (ഫിഡെ) പ്രസിഡന്റ് അർകാഡി ദ്വർകോവിച്ചിൽ നിന്നും ഡി.ഗുകേഷ് ഏറ്റുവാങ്ങി.
ഈ നിമിഷം ഒരു ദശലക്ഷം തവണ ഞാൻ ജീവിച്ചതുപോലെ തോന്നുന്നു. എല്ലാ ദിവസവും രാവിലെ ഉണർന്ന് ഓരോ ചെറിയ കാര്യങ്ങൾ ചെയ്തതും ഈയൊരു നിമിഷത്തിന് വേണ്ടിയായിരുന്നു. ഈ ട്രോഫിയേന്തുന്നതും ഈ നിമിഷം അനുഭവിക്കുന്നതും എന്റെ ജീവിതത്തിൽ മറ്റെന്തിനെക്കാളും അർത്ഥവത്താർന്നതാണ്, മെഡലും ട്രോഫിയും ഏറ്റുവാങ്ങി ഗുകേഷ് പറഞ്ഞു. ‘ജീവിതത്തിൽ നിരവധി ഉയർച്ച താഴ്ചകൾ ഉണ്ടായതായും വളരെ മനോഹരമായ നിമിഷങ്ങളും മോശമായ അവസ്ഥകളും ഉണ്ടായെങ്കിലും അതൊന്നും ഇതുവരെ എന്റെ ജീവിതത്തെ മാറ്റിയിട്ടില്ല, ഗുകേഷ് വ്യക്തമാക്കി. തനിക്കെതിരെ കടുത്ത പോരാട്ടം തന്നെ നടത്തിയ മുൻ ചാമ്ബ്യൻ ചൈനീസ് താരം ഡിംഗ് ലിറെനെയും ഗുകേഷ് പ്രശംസിച്ചു. രാജ്യത്തിന് വേണ്ടി കളിക്കുന്നതിൽ അഭിമാനമുണ്ടെന്നും ആരാധകർക്ക് നന്ദി പറയുന്നതായും യുവ ചാമ്ബ്യൻ പറഞ്ഞു.