ദോഹ: ഇറാൻ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ ഖത്തറിലെ ചില പ്രദേശങ്ങളിൽ നിന്നും താമസക്കാരെ ഒഴിപ്പിക്കുന്നു. പൊതുജന സുരക്ഷയുടെ ഭാഗമായാണ് ഒഴിപ്പിക്കൽ നടക്കുന്നതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കണമെന്നും പുലർച്ചെ പൊതുജനങ്ങൾക്ക് അടിയന്തര സന്ദേശം വന്നു.
അതേ സമയം, ഒമാനിലെ സോഹാർ നഗരത്തിലുള്ള വ്യാവസായിക മേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യാക്കാർ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതിന് ശേഷം കരയിൽ വെച്ച് ഇന്ത്യാക്കാർ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച മന്ത്രാലയം, അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നതായും അറിയിച്ചു. ഡ്രോൺ ആക്രമണത്തിൽ ആകെ 11 പേർക്ക് പരിക്കേറ്റു, ഇതിൽ 10 പേരും ഇന്ത്യക്കാരാണ്.
പരിക്കേറ്റവരിൽ അഞ്ചുപേർ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടതായും ബാക്കിയുള്ള അഞ്ചുപേർ പ്രാദേശിക ആശുപത്രികളിൽ ചികിത്സയിലാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. മസ്കറ്റിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള അൽ അവഹി ഇൻഡസ്ട്രിയൽ ഏരിയയിലാണ് ഡ്രോണുകൾ പതിച്ചത്



