Tuesday, July 8, 2025
No menu items!
Homeവാർത്തകൾകർണാടകയിൽ ഒരുങ്ങുന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ കേബിൾ പാലം

കർണാടകയിൽ ഒരുങ്ങുന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ കേബിൾ പാലം

ബെംഗളൂരു: കർണാടകയിൽ ഒരുങ്ങുന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ കേബിൾ പാലം. ശിവമോഗ ജില്ലയിലെ സാഗർ താലൂക്കിൽ ശരാവതി നദിയുടെ കുറുകെയാണ് സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ കേബിൾ പാലം നിർമിച്ചിരിക്കുന്നത്. പാലം തുറക്കുന്നതോടെ പ്രദേശത്തിനുണ്ടാകുന്ന സാമ്പത്തിക വളർച്ച ശക്തമായിരിക്കുമെന്നാണ് വിദഗ്ധർ അവകാശപ്പെടുന്നത്.

അംബരഗോഡ്ലുവിനെയും തുമാരിയെയും ബന്ധിപ്പിക്കുന്ന സംസ്ഥാനത്തെ ഏറ്റവും ദൈർഘ്യമേറിയ പാലത്തിന് 2.44 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. പാലത്തിൻ്റെ ഉദ്ഘാടനം വൈകാതെ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. 2018 ഫെബ്രുവരി 19നാണ് കൂറ്റൻ പാലത്തിൻ്റെ നിർമാണ പ്രവൃത്തികൾക്കായി തറക്കല്ലിട്ടത്. 423 കോടി രൂപ ചെലവിൽ പൂർത്തിയാക്കുന്ന പാലത്തിൻ്റെ നിർമാണ പ്രവൃത്തികൾ 90 ശതമാനം പൂർത്തിയായി. ടാറിങ്, പെയിൻ്റിങ് ഉൾപ്പെടെയുള്ള ഏതാനം പ്രവൃത്തികളാണ് പൂർത്തിയാകാനുള്ളത്. മെയ് അവസാനം അല്ലെങ്കിൽ ജൂൺ ആദ്യം പാലം പ്രവർത്തനക്ഷമമാകും. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ എത്തിച്ച് ഉദ്ഘാടന ചടങ്ങ് നടത്താനാണ് സർക്കാർ ശ്രമം. ഇതിനായി ശിവമോഗ എംപി ബിവൈ രാഘവേന്ദ്ര ഗഡ്കരിയെ കാണാൻ ഡൽഹിയിലെത്തും.

നിലവിൽ തുമാരി മേഖലയിലെ ജനങ്ങളും സിഗന്ദൂർ ചൗഡേശ്വരി ക്ഷേത്രം സന്ദർശിക്കുന്ന നൂറുകണക്കിന് തീർഥാടകരും ഗതാഗതത്തിനായി പ്രാദേശിക കടത്തുവള്ളങ്ങളെയാണ് ആശ്രയിക്കുന്നത്. പാലം തുറക്കുന്നതോടെ ഈ പ്രതിസന്ധി അവസാനിക്കും. സിഗന്ദൂരിൽ നിന്നോ തുമാരിയിൽ നിന്നോയുള്ള യാത്രക്കാർക്ക് സാഗർ ടൗണിലെത്താൻ 80 കിലോമീറ്റർ റോഡിലൂടെ യാത്ര ചെയ്യുന്നുണ്ട്. പാലം തുറക്കുന്നതോടെ യാത്രാ സമയം പകുതിയായി കുറയും. ഉഡുപ്പി ജില്ലയിലെ കൊല്ലൂരിനും സാഗറിനും ഇടയിലുള്ള യാത്രാ സമയവും കുറയും. പാലം തുറക്കുന്നതോടെ പ്രദേശത്തെ വാണിജ്യ – വ്യാപാര സാധ്യതകൾ ഇരട്ടിയാകുമെന്നത് നേട്ടമാണ്. 80 ടൺ വാഹനങ്ങൾ ഒരേ സമയം കടന്നുപോയാൽ പോലും പാലം സുരക്ഷിതമായിരിക്കും. മികച്ച സുരക്ഷയിലാണ് പാലം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. 17 തൂണുകളും രണ്ട് അബട്ട്മെന്റുകളും ഉപയോഗിച്ചാണ് പാലത്തിൻ്റെ നിർമാണം പൂർത്തിയാക്കിയത്. പരമ്പരാഗത പാലങ്ങൾക്ക് 100 തൂണുകൾ ആവശ്യമുള്ളപ്പോഴാണ് വെറും 17 തൂണുകൾ കൊണ്ട് 2.44 കിലോമീറ്റർ ദൈർഘ്യമുള്ള പാലം പൂർത്തിയാക്കിയത്.

അതേസമയം, പാലത്തിൽ സുരക്ഷാ പരിശോധനകളുടെ ഭാഗമായി ട്രയൽ റൺ നടത്തിയിട്ടില്ല. വൈകാതെ ട്രയൽ റൺ ഉൾപ്പെടെയുള്ള പരിശോധനകൾ നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments