വത്തിക്കാൻ സിറ്റി: ക്രിസ്ത്യാനികൾക്കെതിരായ വർധിച്ചുവരുന്ന ആക്രമണങ്ങളിൽ ഇന്ത്യ സർക്കാർ ഇടപെടണമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗർ. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹത്തിന്റെ ആഹ്വാനം.ഒരാഴ്ച നീണ്ടുനിൽക്കുന്ന ഇന്ത്യാ സന്ദർശനത്തിനെത്തിയ ഗല്ലഗർ, ചില പള്ളി പരിപാടികൾക്കും സഭാ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകൾക്കും ശേഷമാണ് ന്യൂഡൽഹിയിൽ ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയത്. വത്തിക്കാൻ ഉദ്യോഗസ്ഥനെ കാണാൻ കഴിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ടെന്ന് ജയ്ശങ്കർ സമൂഹ മാധ്യമ പോസ്റ്റിൽ പറഞ്ഞു. വിശ്വാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംഘർഷങ്ങൾ പരിഹരിക്കുന്നതിന് സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും ആവശ്യകതയെക്കുറിച്ചുമുള്ള നല്ല സംഭാഷണമായിരുന്നു അതെന്നും പറഞ്ഞു. ഉദ്യോഗസ്ഥർ ചർച്ച ചെയ്ത വിഷയങ്ങളിൽ വത്തിക്കാനോ ഇന്ത്യയോ പരസ്യ പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ജയ്ശങ്കർ തന്റെ പോസ്റ്റിൽ പരാമർശിച്ച ‘സംഘർഷങ്ങളെക്കുറിച്ച്’ അഭിപ്രായം പറയാൻ ഇന്ത്യയിലെ സഭാ ഉദ്യോഗസ്ഥരും വിസമ്മതിച്ചു.



