Thursday, March 26, 2026
No menu items!
Homeവാർത്തകൾകോർപറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കുന്ന ബജറ്റ്; കേരളത്തെ അവഗണിച്ചു

കോർപറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കുന്ന ബജറ്റ്; കേരളത്തെ അവഗണിച്ചു

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെങ്കിലും ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയെ പൂർണമായും നിരാശപ്പെടുത്തിയ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഒമ്പതാം ബജറ്റിന്റെ ഊന്നൽ കോർപറേറ്റ് താൽപര്യങ്ങൾ . കഴിഞ്ഞ ബജറ്റ് പ്രഖ്യാപനങ്ങളിൽ പലതും നടപ്പാക്കാൻ കഴിയാതെ തന്നെ, പുതിയ ‘ആത്മനിർഭര’ പ്രഖ്യാപനങ്ങൾക്ക് ഒരു കുറവും വരുത്താതെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ കോർപറേറ്റ് സൗഹൃദ ബജറ്റ്. കോർപറേറ്റ് താൽപര്യങ്ങൾക്ക് അനുസൃതമായ പരിഷ്‍കാരങ്ങൾക്ക് ഗതിവേഗം കൂട്ടുന്നതിനുള്ള പദ്ധതികളും നടപടികളുമാണ് മുഖ്യം. സമഗ്ര സാമ്പത്തിക പരിഷ്‍കരണങ്ങൾക്ക് ഇനിയും വേഗം കൂട്ടുമെന്ന് പ്രഖ്യാപിക്കുന്ന ബജറ്റ് കോർപറേറ്റ് കമ്പനികൾക്ക് അപൂർവ ധാതുക്കളുടെ ഖനനത്തിന് വഴിയൊരുക്കുന്ന ധാതു ഇടനാഴി വിഭാവനം ചെയ്തിട്ടുണ്ട്.‘കർത്തവ്യ പഥ’ത്തിലെ പ്രഥമ ബജറ്റിൽ മൂന്ന് കർത്തവ്യങ്ങൾദരിദ്രരിലും പാർശ്വവത്കൃതരിലും അവശവിഭാഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് തങ്ങളുടെ സങ്കൽപമെന്ന് പറഞ്ഞാണ്, ധനമന്ത്രാലയം പുതുതായി പണിത കർത്തവ്യപഥത്തിലേക്ക് മാറിയ ശേഷം തയാറാക്കിയ പ്രഥമ ബജറ്റിൽ സർക്കാറിനെ പ്രചോദിതമാക്കുന്ന മൂന്ന് കർത്തവ്യങ്ങൾ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തന്റെ ബജറ്റ് പ്രസംഗത്തിന് ആമുഖമിട്ട് എണ്ണിപ്പറഞ്ഞത്. ആഗോള ചലനങ്ങൾക്ക് അനുസൃതമായി ഉൽപാദനവും മത്സര ക്ഷമതയുമേറ്റി സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുക, ഇന്ത്യയുടെ സമൃദ്ധിയിലേക്കുള്ള പാതയിൽ ശേഷിയുള്ളവരാക്കി മാറ്റി ജനങ്ങളെ ശക്തരായ പങ്കാളികളാക്കുക, ‘എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം’ എന്ന കാഴ്ചപ്പാടിൽ എല്ലാ കുടുംബത്തിനും സമുദായത്തിനും മേഖലക്കും വിഭവങ്ങളിലും സൗകര്യങ്ങളിലും അവസരങ്ങളിലും അർഥപൂർണമായ പ്രാതിനിധ്യം നൽകുക എന്നിവയാണീ കർത്തവ്യങ്ങളെന്ന് പറയുന്നു. എന്നാൽ, ആമുഖത്തിലെ ഈ മധുരം തുടർന്നവതരിപ്പിച്ച ബജറ്റിൽ കണ്ടില്ല. കോർപറേറ്റുകൾക്ക് ‘റിഫോം എക്സ്പ്രസ്’കോർപറേറ്റ് സൗഹൃദ നയങ്ങളെന്ന് വിമർശനം നേരിടുന്ന കേന്ദ്ര സർക്കാർ കൈക്കൊണ്ട സമഗ്ര സാമ്പത്തിക പരിഷ്കാരങ്ങൾ തൊഴിലുകളുണ്ടാക്കുന്നതും ഉൽപാദനമേറ്റുന്നതും വളർച്ച ത്വരിതപ്പെടുത്തുന്നതുമാണെന്ന് നിർമല പറഞ്ഞു. 2025ലെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിനുശേഷം ചരക്കു സേവന നികുതി ഭേദഗതി, പുതിയ ലേബർ കോഡുകൾ എന്നിവയടക്കം 350 പരിഷ്‍കരണങ്ങൾ നടപ്പാക്കി. നിയന്ത്രങ്ങൾ നീക്കാൻ കേന്ദ്ര, സംസ്ഥാന തലങ്ങളിൽ സമാന്തരമായി ഉന്നതതല സമിതികളുണ്ടാക്കിയും ‘റിഫോം എക്സ്പ്രസ്’ അതിന്റെ വഴിയിൽ തന്നെയാണെന്നും നിർമല കൂട്ടിച്ചേർത്തു. ഈ റിഫോം എക്സ്പ്രസിന്റെ ഭാഗമായുള്ളതാണ് ബജറ്റിലെ പല പ്രഖ്യാപനങ്ങളും. ചരക്കുനീക്കത്തിന് നിരവധി പാതകൾപരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ചരക്കു നീക്കത്തിന് മാത്രമായിട്ടാണ് ഇന്ത്യയുടെ കിഴക്ക് ദാങ്കുനിയിൽ നിന്ന് പടിഞ്ഞാറ് സൂറത്തിലേക്കുള്ള പുതിയ ചരക്ക് ഇടനാഴി. ചരക്ക് നീക്കത്തിന് മാത്രമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 20 ഉൾനാടൻ ജലപാതകളും പ്രവർത്തന ക്ഷമമാക്കും. ധാതുസമ്പന്നമായ പ്രദേശങ്ങളിൽ ഖനനം ചെയ്യുന്ന ധാതുക്കൾ കടത്തുന്നതിന് ഒഡിഷയിൽ നിന്നാണ് ഈ ജലപാതകളുടെ പ്രവർത്തനം തുടങ്ങുന്നത്. നഗരങ്ങളാണ് ഇന്ത്യയുടെ വളർച്ചയുടെയും അവസരങ്ങളുടെയും എൻജിനുകൾ എന്ന് വിശേഷിപ്പിച്ച് ക്ഷേത്ര നഗരങ്ങളിലും 2 ടയർ, 3 ടയർ നഗരങ്ങളിലും ആധുനിക അടിസ്ഥാന സൗകര്യവികസനത്തിനുള്ള പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. അതിന് പുറമെ രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് ഏഴ് അതിവേഗ റെയിൽ ഇടനാഴികളും ബജറ്റിൽ പ്രഖ്യാപിച്ചു. മുംബൈ-പുണെ, പുണെ- ഹൈദരാബാദ്, ഹൈദരാബാദ്-ബംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബംഗളൂരു, ഡൽഹി-വാരാണസി, വാരാണസി-സിലിഗുരി എന്നിവയാണവ. സ്വകാര്യ നിർമാണ മേഖലക്കായി ഇൻഫ്രാസ്ട്രക്ചർ റിസ്ക് ഗാരന്റി ഫണ്ടുമുണ്ട്. പുതിയ കുപ്പിയിലെ പഴയ വീഞ്ഞ്കർഷകർക്ക് വരുമാന വർധന, വനിതാ സംരംഭകത്വങ്ങൾക്ക് സഹായം, ഭിന്നശേഷിക്കാരുടെ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടുള്ള പദ്ധതികൾക്കൊപ്പം മോദി സർക്കാറിന്റെ സാമ്പത്തിക നയങ്ങൾ മൂലം ഏറ്റവും വലിയ തിരിച്ചടി നേരിട്ട ചെറുകിട ഇടത്തരം സംരംഭകരെ രക്ഷിക്കാനുള്ള നിർദേശങ്ങളും ബജറ്റിലുണ്ട്. ഇതിൽ പലതും പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതാണ്. 2021ൽ തുടങ്ങിയ 2000 കോടിയുടെ ‘സെൽഫ് റിലയന്റ് ഇന്ത്യ ഫണ്ടി’ന് പുറമെ 10,000 കോടിയുടെ എസ്.എം.ഇ ഗ്രോത്ത് ഫണ്ട് കൂടി ചെറുകിട ഇടത്തരം സംരംഭകർക്കായി ഈ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. 2021ൽ തുടങ്ങിയ 2000 കോടിയുടെ ‘സെൽഫ് റിലയന്റ് ഇന്ത്യ ഫണ്ടി’ന് പുറമെ 10,000 കോടിയുടെ എസ്.എം.ഇ ഗ്രോത്ത് ഫണ്ട് കൂടി ചെറുകിട ഇടത്തരം സംരംഭകർക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. നിർമല ബുദ്ധി നിർമിത ബുദ്ധിയാണ് ഇത്തവണ നിർമലയുടെ ബജറ്റ് പ്രസംഗത്തിൽ ഏറ്റവും കൂടുതൽ മുഴച്ചുനിന്നത്. പ്രസംഗത്തിൽ 11 തവണയാണ് ‘നിർമിതബുദ്ധി’ എന്ന പദപ്രയോഗം കടന്നുവന്നത്. ഭരണ നിർവഹണത്തിനും പൊതുജന സേവനങ്ങൾ ലഭ്യമാക്കുന്നതിലും നിർമിത ബുദ്ധി ഉപയോഗപ്പെടുത്തുമെന്ന് പറഞ്ഞ നിർമല ഭാരത്-വിസ്താർ എന്ന എ.ഐ അധിഷ്ഠിത പ്ലാറ്റ്‍ഫോമും പ്രഖ്യാപിച്ചു. കാർഷികോൽപാദനം വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഈ സൗകര്യം കർഷകരുടെ നഷ്ടസാധ്യത കുറക്കുകയും ചെയ്യും. കൃഷിവിജ്ഞാനം എല്ലാവരിലും എത്തിക്കും. കർഷകർക്ക് ഓരോ പ്രദേശത്തും തങ്ങളുടെ ഭാഷയിൽ ആധികാരിക വിവരങ്ങൾ ലഭ്യമാകാൻ ഇത് സഹായിക്കുമെന്നും നിർമല പറയുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments