മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനായി മെയ് ഏഴിന് ആരംഭിക്കുന്ന കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന 133 കര്‍ദിനാള്‍ ഇലക്ടര്‍മാരും റോമില്‍ എത്തിച്ചേര്‍ന്നു. കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കര്‍ദിനാള്‍മാര്‍ക്ക് താമസിക്കുന്നതിനുള്ള മുറികള്‍ ലോട്ടിട്ട് തിരഞ്ഞെടുക്കുന്ന ചടങ്ങിന് കര്‍ദിനാള്‍ കമെര്‍ലെംഗോ കെവിന് ഫാരല്‍ നേതൃത്വം നല്കി. പഴയതും പുതിയതുമായ രണ്ട് സാന്താ മാര്‍ത്ത ഗസ്റ്റ് ഹൗസുകളിലാണ് കര്‍ദിനാള്‍മാര്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഈ ഗസ്റ്റ് ഹൗസുകളില്‍ നിന്ന് പ്രത്യേക സംരക്ഷണം ഒരുക്കിയ പാതയിലൂടെയാവും കര്‍ദിനാള്‍മാര്‍ കോണ്‍ക്ലേവ് നടക്കുന്ന സിസ്റ്റൈന്‍ ചാപ്പലില്‍ എത്തിച്ചേരുന്നത്. മാധ്യമപ്രവര്‍കര്‍ക്ക് സിസ്റ്റൈന്‍ ചാപ്പലിലേക്ക് പ്രവേശനമുണ്ടാവുകയില്ലെന്നും കോണ്‍ക്ലേവിനായുള്ള സിസ്റ്റൈന്‍ ചാപ്പലിന്റെ ക്രമീകരണങ്ങളടങ്ങിയ ചിത്രങ്ങള്‍ പുറത്തുവിടുമെന്നും വത്തിക്കാന്‍ വ്യക്തമാക്കി.
133 കര്‍ദിനാള്‍മാര്‍ പങ്കെടുക്കുന്ന കോണ്‍ക്ലേവില്‍ 2/3 വോട്ടുകള്‍ അതായത് 89 വോട്ടുകള്‍ ലഭിക്കുന്ന വ്യക്തി മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടും. കോണ്‍ക്ലേവ് ഔദ്യോഗികമായി ആരംഭിക്കുന്ന മെയ് 7 ന് തന്നെ ആദ്യ വോട്ടിംഗ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ ബാലറ്റില്‍ ആരും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്കില്‍ മെയ് 8 മുതല്‍, പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതുവരെ കര്‍ദിനാള്‍മാര്‍ രാവിലെയും ഉച്ചയ്ക്കും രണ്ടുതവണ വീതം വോട്ട് ചെയ്യും. വോട്ടിംഗില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടുന്നില്ലെങ്കില്‍ ബാലറ്റുകള്‍ ചാപ്പലിനടുത്തുള്ള അടുപ്പിലിട്ട് കറുത്ത പുക വരത്തക്ക രീതിയിലുള്ള പ്രത്യേക രാസവസ്തുക്കളും ചേര്‍ന്ന് കത്തിച്ചു കളയുന്നു. ചിമ്മിനിയിലൂടെ ഉയരുന്ന കറുത്ത പുക പുതിയ മാര്‍പാപ്പയെ ലഭിച്ചിട്ടില്ല എന്നുള്ളതിന്റെ സൂചനയാണ്.
പുതിയ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനാവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഏതെങ്കിലും കര്‍ദിനാളിന് ലഭിക്കുകയും അദ്ദേഹം അതിന് സമ്മതിക്കുകയും ചെയ്താല്‍ വെളുത്ത പുക വരത്തക്ക രാസവസ്തുക്കള്‍ ചേര്‍ത്ത് ബാലറ്റ് പേപ്പറുകള്‍ കത്തിക്കും. ഏറ്റവും മുതിര്‍ന്ന കര്‍ദിനാള്‍ ഡീക്കനായ കര്‍ദിനാള്‍ ഡൊമിനിക്ക് മാംബെര്ട്ടിയാവും ‘ഹബേമൂസ് പാപ്പാം’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് പുതിയ മാര്‍പാപ്പയെ ലഭിച്ച വിവരം ലോകത്തെ അറിയിക്കുന്നത്.



